കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ എൻ.ഐ.എ ചോദ്യം ചെയ്യൽ പൂർത്തിയായി. പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. വരുംദിവസങ്ങളിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യലിനായി നാളെ വിളിച്ച് വരുത്തുമെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.ശിവശങ്കറിനെതിരെ യു.എ.പി.എ ചുമത്താനുള്ള കുറ്റമുണ്ടോ എന്നാണ് അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിച്ചത്. എന്നാൽ അതിനു വേണ്ടിയുള്ള തെളിവ് ഇതുവരെ എൻ.ഐ.എയ്ക്ക് ലഭിച്ചിട്ടില്ല. അതേസമയം ശിവശങ്കറിന് പൂർണമായും ക്ലീൻചിറ്റ് നൽകാൻ എൻ.ഐ.എ തയ്യാറായിട്ടില്ല.എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്. 56 ചോദ്യങ്ങൾ അന്വേഷണസംഘം തയ്യാറാക്കിയിരുന്നു എന്നാണ് വിവരം.നേരത്തെ തിരുവനന്തപുരത്തുവച്ചും എൻ.ഐ.എ ശിവശങ്കറെ ചോദ്യംചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തെ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്.