ജയ്പൂര്‍: ബി.ജെ.പിയുടെ ഹരജി തള്ളി രാജസ്ഥാന് ഹൈക്കോടതി. ആറ് ബി.എസ്.പി എം,എല്‍,എമാരെ കോണ്‍ഗ്രസുമായി ലയിപ്പിച്ചതിനെതിരെ ബി.ജെ.പി സമര്‍പ്പിച്ച ഹരജിയാണ് തിങ്കളാഴ്ച രാജസ്ഥാന് ഹൈക്കോടതി തള്ളിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് ചോദ്യം ചെയ്ത് ബി.ജെ.പി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
വിഷയമുന്നയിച്ച് ബി.ജെ.പി നേതാവ് മദന്‍ ദിലാവര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്നാണ് പരിഗണിച്ചത്.ലയനം അനുവദിച്ചുള്ള സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് ബി.ജെ.പി കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്ന കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം ഈ എം.എല്‍.എമാരെ എന്തുകൊണ്ടാണ് സ്പീക്കര്‍ അയോഗ്യരാക്കാതിരുന്നതെന്നും ഹരജിയില്‍ ചോദിച്ചിരുന്നു. സ്പീക്കറുടെ നിഷ്ക്രിയത്വത്തെയും ബി.ജെ.പി ചോദ്യം ചെയ്തിരുന്നു.അതേസമയം, രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.
ഗവര്‍ണര്‍ ആവശ്യപ്പെട്ട വിവരങ്ങളില്‍ രണ്ട് ചോദ്യങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗെലോട്ട് ആവശ്യപ്പെടുന്നുണ്ടോ എന്ന് ഗവര്‍ണര്‍ ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.