ലൈംഗീകപീഡനം: മഹല്ല് നിലപാടുകള്‍ക്കെതിരെ അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പ്
കാഞ്ഞങ്ങാട്: ലൈംഗീക പീഡനക്കേസ്സുകളില്‍ പ്രതികളാകുന്ന മദ്രസാ അധ്യാപകരെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്ന മഹല്ല് കമ്മറ്റികള്‍ക്കെതിരെ അഡ്വ. സി. ഷുക്കൂര്‍ പുറപ്പെടുവിച്ച ഫേസ്ബുക്ക് പ്രസ്താവന ശ്രദ്ധേയമായി.
മഹല്ല് കമ്മറ്റി ഭാരവാഹികള്‍ക്ക് പോലീസ് നല്കിയ നോട്ടീസിനെച്ചൊല്ലിയുയരുന്ന വിവാദങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് സി. ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോലീസ് നല്കിയ നോട്ടീസ് നിയമപരമായി നിലനില്‍ക്കാത്തതാണെന്നും, പോലീസിന് ഇതിനുള്ള അധികാരമില്ലെന്നുമുള്ള മുഖവുരയോടെയാണ് ഫേസ്ബുക്ക് കുറിപ്പ്.
പോലീസ് ഇത്തരം ഒരു നോട്ടീസ് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ക്ക് നല്‍കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് വിവരിക്കുന്നത്.
നിരവധി മഹല്ലുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം നടന്നിട്ടുള്ള സാഹചര്യത്തില്‍ മഹല്ല് കമ്മറ്റികള്‍ ഈ വിഷയം പോലീസിനെ അറിയിക്കാതെ ഒതുക്കിത്തീര്‍ക്കുകയാണ്.
ആരോപണ വിധേയരായ മദ്രസ്സ അധ്യാപകരെ രായ്ക്കുരാമാനം നാടുകടത്തി രക്ഷിക്കുന്ന സമീപനമാണ് മിക്ക മഹല്ല് കമ്മറ്റിയും സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഇതാണ് കാരണമെന്നാണ് ഷുക്കൂറിന്റെ വെളിപ്പെടുത്തല്‍. മദ്രസ്സകള്‍ ശിശുസൗഹൃദമാക്കുന്നതിന് പകരം ഉസ്താദ് സൗഹൃദമാക്കുന്നതായും അദ്ദേഹം പരിഹസിച്ചു.
മദ്രസ്സയില്‍ ദീന് പഠിക്കാനെത്തുന്ന കുട്ടികള്‍ക്കും ഉസ്താദിനും ഗുരുശിഷ്യബന്ധം മാത്രമേ പാടുള്ളൂവെന്നും, ഇത് ഉറപ്പു വരുത്തേണ്ട ബാധ്യത കുട്ടിക്കും ഉസ്താദിനും മാത്രമല്ല, മഹല്ല് കമ്മറ്റിക്കും, പോലീസിനുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സദുദ്ദേശത്തോടെ പോലീസ് നല്കിയ ഒ രു നോട്ടീസിനെ വംശീയ വെറിക്കും, വര്‍ഗ്ഗീയ ധ്രുവീകരണത്തിനുമുള്ള ഉപകരണമാക്കുന്നവര്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വെക്കുന്നുെണ്ടന്നും സി. ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ്സില്‍ പ്രതിയായിരിക്കെയാണ് നീലേശ്വരം പീഡനക്കേസ്സിലെ പ്രതിയായ ഉസ്താദിന് 2019-ല്‍ എസ്ഡിപിഐ അംഗത്വം കൊടുത്തതെന്ന കാര്യം ഗൗരവമുള്ളതാണ്.
തൃക്കരിപ്പൂരിലെ വഖഫ് ഭൂമി സ്വന്തം പേരിലുള്ള ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റാന്‍ ചുക്കാന്‍ പിടിച്ച ലീഗ് ജില്ലാ നേതാവ് പോലീസ് നോട്ടീസിന്റെ പേരില്‍ മതസംരക്ഷക വേഷം കെട്ടിയെത്തിയത് പരിഹാസ്യമാണെന്ന് ഇദ്ദേഹം പറയുന്നു.
പോലീസ് നല്കിയ നോട്ടീസിന് നിയമസാധുതയില്ലെങ്കിലും, അത് മക്കള്‍ക്ക് ചുറ്റും തീര്‍ക്കുന്ന സംരക്ഷണവലയമാണെന്നും, സി. ഷുക്കൂര്‍ പുറത്തു വിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.