പാലത്തായി കേസ് തുടരന്വേഷണം ആരംഭിച്ചു; അന്വേഷിക്കുന്നത് ഐപിഎസ് ഉദ്യോഗസ്ഥ ഉൾപ്പെട്ട സംഘം
തലശേരി : ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡനകേസിൽ തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. ഐജി എസ് ശ്രീജിത്ത്, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ വി സന്തോഷ്കുമാർ, വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാർകോട്ടിക്സെൽ എഎസ്പി രേഷ്മ രമേഷ് എന്നിവരുൾപ്പെട്ട സംഘം വെള്ളിയാഴ്ച ആക്ഷൻകമ്മിറ്റി ഭാരവാഹികളെയും ബന്ധുക്കളെയും കണ്ടു.
ആക്ഷൻകമ്മിറ്റി ഭാരവാഹികളായ അഷറഫ് കുനിയിൽ, എം പി ബൈജു, ടി കെ അശോകൻ, മുഹമ്മദ് വണ്ണാന്റവിട, പി ദിനേശൻ, കെ വി യൂസഫ് എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷൻ തലശേരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.
കോടതി നിർദേശപ്രകാരമുള്ള തുടരന്വേഷണത്തിൽ പെൺകുട്ടിയിൽ നിന്ന് ശേഖരിക്കുന്ന മൊഴിയാവും നിർണായകമാവുക. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള പ്രാഥമിക കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. നാലാംക്ലാസ് വിദ്യാർഥിനിയെയാണ് ഇതേ സ്കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ചത്. തലശേരി കോടതി അനുവദിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.