കാസർകോട് ചെങ്കളയിൽ വരനും വധുവുമടക്കം വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ് , കർശന നിയന്ത്രണങ്ങൾ ഒരുക്കി ജില്ലാ കളക്ടർ
കാസർകോട് : ചെങ്കള പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന വ്യക്തിയുടെ വീട്ടിൽ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇങ്ങനെ കോവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.. രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാൻ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു പോലീസിന് നിർദ്ദേശം നൽകി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്രകാരം ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.