കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മുരളീധരന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്. തലശ്ശേരി ഗവണ്മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു’- കെ മുരളീധരന് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ വടകരയില്‍ ഒരു വിവാഹചടങ്ങില്‍ കെ. മുരളീധരന് പങ്കെടുത്തിരുന്നു. വിവാഹചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ വരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു കോവിഡ് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചത്.
അതേസമയം താന്‍ വിവാഹചടങ്ങിന്റെ തലേദിവസമാണ് പോയതെന്നും തനിക്ക് രാഷ്ട്രീയ ക്വാറന്റീന് ഏര്പ്പാടാക്കാനാണ് സര്‍ക്കാരും സി.പി.ഐ.എമ്മും ശ്രമിക്കുന്നതെന്നും മുരളീധരന് ആരോപിച്ചിരുന്നു.