ഇടുക്കി: മുഖ്യമന്ത്രി പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍. വിഷുവിന് നൽകിയ കിറ്റിന്റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ രംഗത്തെത്തിയത്. പയർ വർഗങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള ഈ കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്നാണ് റേഷൻ വ്യാപാരികൾ വ്യക്തമാക്കുന്നത്.ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി. തകരാർ നിമിത്തം ഓരോ മാസവും റേഷൻ വാങ്ങാനായി മൂന്ന് തവണയെങ്കിലും ആളുകൾ കടകളിലെത്തുന്നുണ്ട്. ഇത് രോഗ വ്യാപനത്തിന് വഴിവച്ചേക്കും, നിലവില്‍ ആറ് റേഷൻ വ്യാപരികൾക്ക് കൊവിഡ് ബാധിച്ചു. നൂറ്റിയമ്പതോളം വ്യാപാരികൾ നിരീക്ഷണത്തിലാണ്.14,000 റേഷൻ കടകളിലായി രണ്ട് കോടിയലധികം പേരാണ് ഓരോ മാസവും വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം.കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോൾ കാർഡ് ഒന്നിന് 20 രൂപ വീതം കമ്മീഷൻ നൽകണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. അഞ്ച് രൂപ വീതം നൽകാമെന്ന് സർക്കാർ തത്വത്തിൽ സമ്മതിച്ചു. എന്നാൽ വിഷു കഴിഞ്ഞ് ഓണമെത്താറായിട്ടും പണം കിട്ടിയില്ലെന്നാണ് ഇവരുടെ ആക്ഷേപം.