പരിയാരം മെഡിക്കൽ കോളേജിൽ ഐസിയു വഴി കൊവിഡ് പടരുന്നു? സ്ഥിതി അതീവഗുരുതരം മന്ത്രിയുടെ പി എ ക്ക് കോവിഡ് ബാധിച്ചതും പരിയാരത്ത് നിന്ന്
നൂറോളം ആരോഗ്യപ്രവർത്തകരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ബൈക്കപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ് വന്നത് പരിയാരത്തെ ആശുപത്രിയിലുള്ള തീവ്രപരിചരണവിഭാഗത്തിൽ നിന്നാണെന്നാണ് സംശയം.
കണ്ണൂർ: ആശങ്കയേറ്റി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഐസിയു വഴി രോഗം പടരുന്നതായി സംശയം. കഴിഞ്ഞയാഴ്ച ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്തൊമ്പതുകാരനായ അമൽ ജോ അജിക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. അമലിന് രോഗം പകർന്നിരിക്കാൻ സാധ്യത ഐസിയുവിൽ നിന്നാകാമെന്നാണ് നിഗമനം.
പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാൽ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് പരിയാരം മെഡിക്കൽ കോളേജ് പോകുന്നത് എന്നതിന്റെ ചൂണ്ടുപലകയാവുകയാണ്.
നൂറിലേറെ ആരോഗ്യപ്രവർത്തകർ ഇവിടെ നിലവിൽ നിരീക്ഷണത്തിലാണ്. ഇവിടെ ഇതുവരെ 22 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർമാർ, ക്ലീനിംഗ് സ്റ്റാഫ്, ലാബ് ടെക്നീഷ്യൻമാർ ഉൾപ്പടെയുള്ളവർക്ക് രോഗം കണ്ടെത്തിയി ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികൾക്കും രോഗം കണ്ടെത്തി. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിനെ ഒരു പ്രത്യേക ക്ലസ്റ്ററായി മാറ്റേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്.
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ ഒരു ഡോക്ടർ മാത്രമാണ് കൊവിഡ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റ് വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇവരിൽ നിന്നാകാം മറ്റ് രോഗികൾക്കും കൊവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ അമൽ ജോ അജിയെ ആശുപത്രിയിൽ കൊണ്ടുവരുന്നത്. ഇതേ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന്റെ മകനാണ് അമൽ. ഇദ്ദേഹത്തിൽ നിന്നാണോ രോഗം ബാധിച്ചതെന്നറിയാൻ അമലിന്റെ അച്ഛന്റെ സ്രവം പരിശോധിക്കുന്നുണ്ട്. അമലിന്റെ അച്ഛൻ പന്നി, കോഴി ഫാമുകൾ നടത്തിയിരുന്നു. ഇവിടെ നിന്ന് രോഗം ബാധിച്ചതാണോ എന്നതിലും വ്യക്തതയില്ല. നേരത്തേ, ന്യൂറോ, ജനറൽ തീവ്രപരിചരണവിഭാഗങ്ങളിലായി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേർക്കും കൊവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കാസർകോട് സ്വദേശികളായ മാധവൻ, ഖയറുന്നിസ എന്നിവരാണ് ഇതിന് മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിനാൽത്തന്നെയാണ് ഐസിയുവിൽ നിന്നാണോ കൊവിഡ് ബാധിക്കുന്നത് എന്ന സംശയമുയരുന്നത്.
അതേസമയം, ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ ക്വാറന്റീനിലായതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാണ്. കൊവിഡ് ഇതരരോഗങ്ങൾക്കായി കാസർകോട്, കണ്ണൂർ ജില്ലകളിലെ നിർധനരോഗികൾക്ക് ചികിത്സയ്ക്കുള്ള ഏക ആശ്രയമാണ് പരിയാരം മെഡിക്കൽ കോളേജ്. ഇവിടെത്തന്നെ കൊവിഡ് പടരുന്ന സാഹചര്യം വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്ടിക്കുന്നതും.
അതിനിടെ ദേവസ്സം സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സ്റ്റാഫഗം രാവണേശ്വരം സ്വദേശിക്ക് കോവിഡ് ബാധിച്ചത് പരിയാരം മെഡിക്കൽ കോളേജിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട് മന്ത്രിയുടെ സ്റ്റാഫഗം ബന്ധുവിനെയും കൂട്ടി ചികിത്സ ആവിശ്യത്തിന് പരിയാരത്തേക്ക് എത്തിയിരുന്നു ഇദ്ദേഹം ഇപ്പോൾ കാഞ്ഞങ്ങാട് പടന്നക്കാട്ടുള്ള കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട് പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം ഉണ്ടെന്നുള്ള സംശയ കണ്ണൂർ കാസറഗോഡ് ജില്ലകളിലെ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്