കോഴിക്കോട്: ലോക്ക്ഡൗണിന് ശേഷം തെരുവോരങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്ന ബിരിയാണി വിൽപ്പനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട് വീഴും. കഴിഞ്ഞ രണ്ടാഴ്ചയായി തെരുവോരത്ത് വാഹനങ്ങളിൽ എത്തിച്ച് ബിരിയാണി വിൽക്കുന്നയിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെ കർശന നടപടിക്കൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ.
കോഴിക്കോട് രാമനാട്ടുകര മുതൽ വടകര വരെയുള്ള ബൈപ്പാസുകളിലാണ് കഴിഞ്ഞ രണ്ടാഴ്ച തെരുവോര ബിരിയാണി കേന്ദ്രത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകളായി പരിശോധന തുടങ്ങിയത്. ഇതിലാണ് പലതിലും ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടത്. മനുഷ്യവിസർജ്ജത്തിലാണ് സാധാരണ ഇ കോളി കാണുന്നത്. ഇത് ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ഇതിന്റെ സാന്നിധ്യം ഭക്ഷണത്തിൽ എങ്ങനെ എത്തിയെന്നതിൽ വരുംദിവസങ്ങളിൽ വ്യക്തമാവും. ശുദ്ധമല്ലാത്ത വെള്ളത്തിൽനിന്നോ വൃത്തിഹീനമായ ചുറ്റുപാടിൽനിന്നോ ബാക്ടീരിയ ഭക്ഷണത്തിൽ എത്തിയതാവാം എന്നാണ് കരുതുന്നത്.
അറുപതും എഴുപതും രൂപയ്ക്കാണ് പലയിടത്തും ബിരിയാണി വിൽക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറിയിരുന്നു. തുടർന്നാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള റോഡ് സൈഡിൽ ഭക്ഷ്യ വിൽപ്പന സജീവമായതോടെ കർശന പരിശോധനയ്ക്ക് നേതൃത്വം കൊടുക്കാനൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
പാതയോരങ്ങളിൽ വാഹനങ്ങളിൽ ഭക്ഷണ വിൽപ്പനയ്ക്ക് ചെറുകിട വ്യവസായമെന്ന നിലയിൽ ലൈസൻസ് നൽകാറുണ്ടെങ്കിലും ഇപ്പോൾ നടക്കുന്ന കച്ചവടം മിക്കതും അനധികൃതമാണ്. പരിശോധനയ്ക്കയച്ച സാമ്പിളികുളിൽ ഇനിയും ഫലം വരാനുണ്ട്. പരിശോധനയും തുടരുന്നുണ്ട്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വാഹനങ്ങളിൽ ഭക്ഷണ വിൽപ്പന ചെയ്യാൻ ലൈസൻസ് പ്രദർശിപ്പിക്കണം. ഇത് വാഹനങ്ങളിൽ പുറത്ത് നിന്ന് കാണുന്ന തരത്തിൽ പതിക്കുകയും വേണം. ഇത് ഭക്ഷണം വാങ്ങിക്കാൻ പോവുന്നവർ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബിരിയാണിക്കാണ് ആവശ്യക്കാർ ഏറെയുള്ളതെങ്കിലും ചോറും കറിയും പാക്കറ്റുകളിലാക്കി വിൽപ്പനയ്ക്കെത്തിക്കുന്നവരുമുണ്ട്.
ഹോട്ടലുകൾ പാർസൽ മാത്രം കൊടുക്കാൻ തുടങ്ങിയതോടെയാണ് തെരുവോര കച്ചവടം വർധിച്ചതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടവരും വീട്ടിൽ ഇരിക്കുന്നവരും ചെറുകിട സംരഭം എന്ന നിലയിൽ ഭക്ഷണ വിൽപ്പനയുമായി സജീവമായി. വീട്ടിൽനിന്നുള്ള ഭക്ഷണമെന്ന ബോർഡ് വെച്ചാണ് മിക്കയാളുകളും വിൽപ്പന നടത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ സുരക്ഷിതമെന്ന് കരുതിയാണ് യാത്രക്കാർ ഇവരുടെയടുത്തേക്ക് എത്തുന്നത്.