ദീര്‍ഘകാലമായി സേവനത്തിലുള്ള ജീവനക്കാരെ കോവിഡിന്റെ പേരില്‍ പിരിച്ചുവിടുന്ന കമ്പനികളുടെ മൂല്യബോധത്തെ ചോദ്യം ചെയ്ത് ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന്‍ ടാറ്റ രംഗത്ത്. ജീവനക്കാരോട് മാനുഷികത കാണിക്കേണ്ടത് ദീര്‍ഘകാലത്തേക്കുള്ള നിലനില്‍പ്പിന് പ്രധാനമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ്സിലെ ഉയര്‍ന്ന നേതൃത്വത്തിനിടയില്‍ അനുതാപമില്ലായ്ക ഒരു പ്രശ്നമാണെന്നും രത്തന്‍ ടാറ്റ പറയുന്നു.
“ആ മനുഷ്യരാണ് നിങ്ങള്‍ക്കു വേണ്ടി ഇത്രകാലവും ജോലി ചെയ്തു കൊണ്ടിരുന്നത്. തങ്ങളുടെ കരിയര്‍ മുഴുവനും നിങ്ങള്‍ക്കു വേണ്ടി ജോലിയെടുത്തവരാണ് അവര്‍. അവരെ മഴയത്ത് ഇറക്കിവിടാമോ? അതാണ് ധാര്‍മിക എന്നതിന് നിങ്ങള്‍ കൊടുക്കുന്ന നിര്‍വചനം,” രത്തന്‍ ടാറ്റ ചോദിക്കുന്നു.
ബിസിനസ് ചെയ്യുന്ന രീതികളില്‍ മാറ്റം വരണമെന്ന് രത്തന്‍ ടാറ്റ പറയുന്നു. നിങ്ങള്ക്കൊപ്പമുള്ളവരോട് അനുകമ്പയില്ലെങ്കില്‍ നിങ്ങളുടെ ബിനസിനസ്സിനും അതിജീവിക്കാനാകില്ല. ആളുകളെ പിരിച്ചുവിടുന്നത് ബിസിനസ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. തങ്ങളുടെ ജോലിക്കാരോട് ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറയുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ചും രത്തന്‍ ടാറ്റ പ്രതികരിച്ചു. തൊഴിലാളികളോട് ഒരു ദിവസം പെട്ടെന്ന് നിങ്ങള്‍ക്ക് തൊഴിലില്ലെന്നും നിങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ സജ്ജീകരണങ്ങളില്ലെന്നും പറയുകയാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതും ബിസിനസ് ധാര്മികതയില്ലായ്മയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശവ്യാപകമായ ലോക്ക്ഡൗണും തുടര്‍ന്ന് ഇപ്പോഴും നിലനില്‍ക്കുന്ന പലവിധത്തിലുള്ള നിയന്ത്രണങ്ങളും ബിസിനസ് രംഗത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിരവധി കമ്പനികള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.