തിരുവനന്തപുരം: ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന നിലയിലാണ് പ്രതിപക്ഷം സർക്കാരിനെ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ സർക്കാർ നശിപ്പിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.’പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ അബദ്ധമാണ്. ഇതിലെന്താ സംഭവിച്ചത്, ഇടിവെട്ടി. ഇടിവെട്ടുന്നത് സാധാരണ നടക്കുന്ന സംഭവമല്ലേ ? ഇടിവെട്ടുന്നതിനെ നമുക്ക് ആർക്കെങ്കിലും നിയന്ത്രിക്കാൻ പറ്റുമോ’യെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ഒരിക്കൽ ഇടിവെട്ടിയപ്പോൾ ക്ലിഫ് ഹൗസിലെ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് നശിച്ചിരുന്നു. സെക്രട്ടേറിയേറ്റിൽ ഇടിവെട്ടിയപ്പോൾ അവിടത്തെ സ്വിച്ചിന് തകരാറു പറ്റി. സാധാരണ നടക്കുന്ന കാര്യമാണത്. എന്തെങ്കിലും കിട്ടിയാൽ അത് വിലയിരുത്തി വേണം പറയേണ്ടതെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.എന്തോ ഒരു കടലാസ് കിട്ടി അതും വച്ച് ഇതാ കിട്ടിപ്പോയി എന്ന മട്ടിലാണ് പ്രതിപക്ഷം സർക്കാരിന് നേരെ വരുന്നത്. വീണിടം വിദ്യയാക്കുന്ന പരിപാടിയാണ് ഇതെല്ലാം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് വിളിപ്പിച്ചതിൽ പ്രതികരിക്കേണ്ട കാര്യമില്ല. എൻ.ഐ.എ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്നാണ് ബോദ്ധ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.