കാസർകോട് ജില്ലയില്‍ കര്‍ശന നടപടികളുമായി പോലീസ്
വാഹനങ്ങളില്‍ കൊണ്ടു നടന്നും, വീട് വിടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ വില്പന നടത്തുന്നത് ജില്ലയില്‍ നിരോധിച്ചു
കാസർകോട് : ജില്ലയില്‍ സമ്പര്‍ക്കത്തിലുടെ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസ്. ജില്ലയില്‍ വാഹനങ്ങളില്‍ കൊണ്ടു നടന്നും, വീട് വിടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ വില്പന നടത്തുന്നത് ജില്ലയില്‍ നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി ഡി ശില്പ അറിയിച്ചു. മത്സ്യം, പച്ചക്കറി എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ജനങ്ങളുമായി ഇടപഴുകുന്ന സാഹചര്യം ഒഴിവാക്കണം. കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഉറവിടം അറിയാതെ രോഗം സ്ഥിതികരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ജനങ്ങള്‍ പരാതിയുമായി പോലിസ് സ്റ്റേഷനുകളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം. പോലിസ് സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതികള്കൊടുക്കുന്നതിന് പകരം ഓണ്‍ലൈന്‍ സംവിധാനങ്ങളിലുടെ പരാതികൊടുക്കണം. വ്യാപാരസ്ഥാപനങ്ങള്‍ ഉള്പ്പെടെയുള്ളകേന്ദ്രങ്ങളില് സാമൂഹ്യഅകലവും മറ്റു ശുചിത്വസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട കടയുടമകള്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡി.വൈ.എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.പൊതുസ്ഥലത്തും, ജോലിസ്ഥലത്തും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. വീടുകളിലും, സ്ഥാപനങ്ങളിലും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരെ നിരീക്ഷിക്കാന്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.