ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഗൊഗോയിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
‘രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നത് ശരിയായില്ല. ആഗസ്റ്റ് 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്’, യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്. കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണവും ഗൊഗോയിയ്ക്ക് മേലുണ്ടായിരുന്നു.
ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ശുപാര്‍ശ ചെയ്തിരുന്നു.
സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ അധികാരഭ്രഷ്ടനാക്കിയ കേസിലും കോടതി നടപടി വിമര്‍ശനം വരുത്തിവെച്ചിരുന്നു. വനിതാജീവനക്കാരി ലൈംഗികാതിക്രമം ആരോപിച്ചപ്പോള്‍ താന്‍കൂടി അംഗമായ മൂന്നംഗബെഞ്ചുണ്ടാക്കിയാണ് രഞ്ജന്‍ ഗൊഗോ
യി വാദംകേട്ടത്.
അയോധ്യയിലെ ഭൂമിപൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.