സിപിഎം -ഏഷ്യാനെറ്റ് യുദ്ധം മുറുകുന്നു,സിപിഐ എമ്മിനെതിരെയുള്ള കലിതുള്ളലുമായി ഏഷ്യാനെറ്റ് എഡിറ്റർ ഇറങ്ങിയത് അപക്വ നടപടി: കോടിയേരി
തിരുവനന്തപുരം : പൊതുയിടങ്ങളുടെ വാതായനമാണ് മാധ്യമങ്ങളെന്നും, പക്ഷേ, തുറന്ന സംവാദങ്ങൾ നടക്കേണ്ട പൊതുയിടങ്ങളെ അടഞ്ഞ ജാലിയൻ വാലാബാഗുകളാക്കാൻ വാർത്താ ചാനലുകൾ പരിശ്രമിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും സ്വയംവിമർശനം നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നതിനു പകരം സിപിഐ എമ്മിനെതിരെയുള്ള കലിതുള്ളലുമായി ഏഷ്യാനെറ്റ് എഡിറ്റർ ഇറങ്ങിയത് അപക്വ നടപടിയാണ്.
നേരറിയാനുള്ള മൗലികാവകാശം പൗരനുണ്ട്. അത് നിഷേധിക്കുന്നതാകരുത് ചാനൽ സംവാദം. വ്യാജവാർത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനൽ ചർച്ചകളെ അധഃപതിപ്പിക്കരുത്. ഇതൊക്കെ ചെയ്തശേഷവും ഞങ്ങളുടെ ചാനൽ നിഷ്പക്ഷമാണ് എന്നുള്ള ഏഷ്യാനെറ്റ് ചാനൽ എഡിറ്ററുടെ വിളിച്ചുപറയൽ അപഹാസ്യമാണ്.
രാത്രികാല ചർച്ചകളെ യുഡിഎഫ് – ബിജെപി അജൻഡ നടപ്പാക്കാനുള്ള ആസൂത്രിതവേദിയാക്കി ഈ ചാനൽ മാറ്റി. സിപിഐ എം പ്രതിനിധികൾ വിട്ടുനിൽക്കാനുള്ള തീരുമാനം പ്രാകൃതമാണെന്നാണ് ചാനൽ എഡിറ്ററുടെ പക്ഷം. ഭരണ പാർടിയുടെ പ്രതിനിധിയോട് ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നതു കേട്ടു. ചോദ്യങ്ങൾ ഉയർത്തുകയും ഉത്തരം പറയാൻ അവസരം നൽകാതിരിക്കുകയും ചെയ്യുന്നതാണ് കാട്ടാളത്തം. യേശുവിനെ വിചാരണ ചെയ്ത പീലാത്തോസ് പോലും മറുപടി കേൾക്കാൻ സാവകാശം നൽകിയിരുന്നു. എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ വീരശൂര പരാക്രമം കാട്ടുന്ന ഇക്കൂട്ടർ എന്തേ, മോഡി സർക്കാരിനും ബിജെപിക്കുമെതിരെ ചോദ്യമൊന്നും ഉയർത്തുന്നില്ല. അപ്പോൾ വിഗ്രഹഭഞ്ജനം ആർക്കുവേണ്ടിയാണ്.
ചർച്ചകളിൽ അവതാരകർക്ക് ഒരർഥത്തിൽ റഫറിയുടെ റോളാണ്. എന്നാൽ, റഫറി ഗോളടിക്കുക എന്നത് ഇത്തരം ചാനലുകൾ ഒരു നയമാക്കി മാറ്റിയിരിക്കുകയാണ്. അതിനാൽ അവതാരകരോടല്ല, അവരെ ഗോളടിക്കുന്ന റഫറിമാരാക്കിയിരിക്കുന്ന നയമാണ് തുറന്നുകാട്ടപ്പെടുന്നത്. ഡൽഹി കലാപത്തിലെ റിപ്പോർട്ടിങ്ങിന് സംപ്രേഷണ വിലക്കുവന്ന കാര്യം ഏഷ്യാനെറ്റ് പ്രതിനിധി നിഷ്പക്ഷതയ്ക്ക് തെളിവായി സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ആ റിപ്പോർട്ടിൽ മോഡി സർക്കാരിനോട് മാപ്പിരന്നതുകൊണ്ടാണ് കാര്യങ്ങൾ സമവായത്തിലായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നല്ലോ?
ബിജെപിയുടെ പാർലമെന്റംഗത്തിന്റെ ഉടമസ്ഥതയിലുള്ള ചാനൽ എൽഡിഎഫ് വിരുദ്ധത രാഷ്ട്രീയനയമായി സ്വീകരിച്ചിരിക്കുന്നതും ആശ്ചര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന ഘട്ടത്തിൽ പ്രത്യേകിച്ച്. ഇത്തരം നയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. എന്നിട്ടും നിഷ്പക്ഷതയുടെ മുഖംമൂടി അണിയുന്നതാണ് കപടത. അത് ജനങ്ങളോടു പറയാനുള്ള അവകാശം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുണ്ട്. അത് ജനാധിപത്യം അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്.
നാലുപേരെ സംഘടിപ്പിച്ച് ചർച്ച നടത്തുമ്പോൾ മൂന്നുപേരും അവതാരകരും ചേർന്ന് എൽഡിഎഫ് വിരുദ്ധ രാവണൻകോട്ട തീർക്കുന്നു. എന്നിട്ടവർ വാദങ്ങളും ചോദ്യങ്ങളുമായി കെട്ടിയുയർത്തുന്ന വ്യാജകഥകളെ പൊളിക്കാൻ സിപിഐ എം പ്രതിനിധി സംസാരിക്കാൻ തുടങ്ങുമ്പോഴേ അവതാരകർ ഇടപെടുകയോ മൈക്ക് ഓഫ് ചെയ്യുകയോ ചെയ്യുന്നു. ഇങ്ങനെ സിപിഐ എം പ്രതിനിധികളുടെ നാവിന് കത്രികപ്പൂട്ട് ഇടാൻ നോക്കുന്നു. ഇത്തരം സംവാദങ്ങൾ ജനാധിപത്യ മര്യാദകളുടെ പൂർണ ലംഘനമാണ്. ഇതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയുടെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നതിന് സിപിഐ എം പ്രതിനിധികൾ വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ എന്തെങ്കിലും സ്വയംവിമർശനം നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നതിനു പകരം സിപിഐ എമ്മിനെതിരെയുള്ള കലിതുള്ളലുമായി ഏഷ്യാനെറ്റ് പത്രാധിപർ ഇറങ്ങിയത് അപക്വ നടപടിയാണ്.