കാസർകോട്: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിന് പാറക്കട്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് പുതുതായി നിർമിച്ച ജില്ലാ പൊലീസ് പരിശീലന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലുടെ ഉദ്ഘാടനം ചെയ്തു. ലോകത്തര നിലവാരത്തിലുള്ള പരിശീലനം പൊലീസ് സേനക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന കേന്ദ്രം നിർമിച്ചതെന്നും പരിശീലനത്തിനെത്തുന്നവർക്ക് താമസിക്കാനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി
പറഞ്ഞു.
90 ലക്ഷം രൂപ ചെലവിട്ടാണ് പരിശീലന കേന്ദ്രം നിർമ്മിച്ചത്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമാണ ചുമതല. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. മധൂർ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വൈസ് പ്രസിഡന്റ് ദിവാകര ആചാര്യ, കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി സുനിൽകുമാർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീശൻ ആലക്കാട്, ഡിസിആർബി ഡിവൈഎസ്പി പി ജെയ്ൺ കെ അബ്രഹാം, സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക് എന്നിവർ സംസാരിച്ചു.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ സ്വാഗതവും അഡീഷണൽ എസ്പി സേവ്യർ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.