കെ മുരളീധരനോട് കോവിഡ് പരിശോധന നടത്താൻ നിർദ്ദേശം; കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തു
കോഴിക്കോട് : കെ മുരളീധരന് എംപിയോട് കോവിഡ് പരിശോധനയ്ക്ക് വിധേയനാകാന്‍ നിര്‍ദേശം. ജില്ലാ കലക്ടറാണ് നിര്‍ദേശം നല്‍കിയത്. മുരളീധരന് നേരത്തെ കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. വിവാഹത്തിൽ പങ്കെടുത്തശേഷം മുരളീധരൻ പിന്നെയും പലയിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു. 102 വയസുള്ള ഗുരു ചേമഞ്ചേരിയേയും മുരളീധരൻ സന്ദർശിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കാണ് സ്വന്തം വിവാഹചടങ്ങുകള്‍ക്കിടെ രോഗബാധ ഉണ്ടായത്. വിവാഹശേഷം ഇദ്ദേഹം ആശുപത്രിയില്‍ എത്തിയിരുന്നില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച രണ്ടുപേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയുടെ മരണമാണ് കോവിഡെന്ന് കണ്ടെത്തിയത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച റുഖ്യാബി(57)ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.