ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. ഇരുപത്തിനാലുമണിക്കൂറിനിടെ 49,310 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം12,87,945 ആയി ഉയർന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുളള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്താകെ ഒന്നരകോടിയിലധികം പരിശോധനകളാണ് ഇതിനോടകം നടന്നത്.കൊവിഡ് ബാധിച്ച് ഇരുപത്തിനാലുമണിക്കൂറിനിടെ 740 പേരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,601 ആയി.8,17,209 പേർ പൂർണമായും രോഗമുക്തരായി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതൽ. ഡൽഹി ഉൾപ്പടെയുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കാര്യമായി കുറയുന്നുണ്ട്. ഡൽഹിയിൽ രോഗികളുടെ എണ്ണം 1.27 ലക്ഷം കടന്നിരിക്കുകയാണ്. നിലവിൽ ഏറ്റവുംകൂടുതൽ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. മൂന്നരലക്ഷത്തോളമാണ് ഇവിടത്തെ രോഗികളുടെ എണ്ണം. മരണസംഖ്യയും ഇവിടെ കൂടുകയാണ്. പതിനാറ് ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.തമിഴ്നാട്ടിൽ രണ്ട് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ലക്ഷത്തിൽ പരം സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചത്. 80,000ത്തിലേറെ രോഗികളാണ് കർണാടകത്തിലുളളത്.