കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയാണ് ഇന്നലെ വിട്ടയച്ചത്.ശിവശങ്കറിനെ ഇന്നലെ എൻ.ഐ.എ അഞ്ചു മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. പേരൂർക്കടയിൽ എൻ.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയ പൊലീസ് ക്ളബിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8.55 നാണ് അവസാനിച്ചത്.അതേസമയം, സ്വർണക്കടത്ത് കേസിന്റെ അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് ദേശീയ അന്വേഷണ ഏജൻസി വ്യാപിപ്പിച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.കേസിലെ മുഖ്യപ്രതികളായ സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പതിവായി എത്താറുണ്ടായിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ്, തെളിവുകൾ തേടി എൻ.ഐ.എ സംഘം കഴിഞ്ഞദിവസം എത്തിയത് .