തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വിശ്രമത്തിനും സുരക്ഷിത താമസത്തിനുമായി ഷീ ലോഡ്ജുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലായിരിക്കും ഷീലോഡ്ജുകൾ സ്ഥാപിക്കുക. ഷീ ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീയേയോ മറ്റേതെങ്കിലും ഏജൻസിയേയോ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഷീ ലോഡ്ജുകൾക്ക് ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിനും നിലവിലുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നിതിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്താവുന്നതാണ്. ഷീ ലോഡ്ജുകളുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട ഏജൻസികളും തമ്മിൽ ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഷീ ലോഡ്ജുകളിൽ കുറഞ്ഞത് എട്ടു കിടക്കകളെങ്കിലും ഉണ്ടാകണം. ശുചിമുറികൾ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുളള അടക്കുളയും ശുദ്ധജലം, ടി.വി, ഫ്രിഡ്ജ്, വൈഫൈ മുതലായ സൗകര്യങ്ങളും ഉണ്ടായിരിക്കണം. എല്ലാ സ്ഥലവും കവർ ചെയ്യുന്ന സി.സി.ടി.വി കാമറകളും സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഷീ ലോഡ്ജിന്റെ നടത്തിപ്പിന് ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്ഥാപന സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എവന്നിവരടങ്ങുന്ന സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.