ചെന്നൈ: തമിഴ്നാട് ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലെ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കൊവിഡ് സ്ഥിരീകിരിച്ച ജീവനക്കാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
വസതിയിലെ ചില ജീവനക്കാര്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തിലാണ് കൊവിഡ് പരിശോധന നടത്തിയത്. 147 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരില്‍ സുരക്ഷാ ഉദ്യോഗസ്ഥനും അഗ്നിശമന സേനാ ഉദ്യോഗസ്ഥനുമുള്പ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാല്‍ ഇവരെല്ലാം ഔദ്യോഗിക വസതിക്ക് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇവരെ എല്ലാവരെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
മുന്‍കരുതലിന്റെ ഭാഗമായി രാജ്ഭവന്റെ പരിസര പ്രദേശം കോര്‍പറേറ്റ് അധികൃതരുടെ നേതൃത്വത്തില്‍ അണുമുക്തമാക്കിയിട്ടുണ്ട്.
ഗവര്‍ണറും അദ്ദേഹത്തിന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല.
തമിഴ്നാട്ടില്‍ ഇതുവരെ അഞ്ച് മന്ത്രിമാര്‍ക്കും 14 എം.എല്‍.എ മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തൊഴില്‍മന്ത്രി നിലോഫെര്‍ കഫീല്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മന്ത്രിമാരായ കെ.പി അന്പഴകന്, പി തങ്കമണി, സെല്ലൂര്‍ കെ രാജു തുടങ്ങിയവരെ വിവിധ ആശുപത്രികളില്‍ നിന്നായി ഡിസ്ചാര്‍ജ് ചെയ്തു.
ബുധനാഴ്ച മാത്രം 5849 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 51,765 ആയി.