രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ദിവസം കൊവിഡിന്റെ അന്ത്യം ആരംഭിക്കും- മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ പുതിയ കണ്ടെത്തലുമായി ബി.ജെ.പി നേതാവ്
ഭോപാല്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതോടെ കൊവിഡിന്റെ പതനത്തിന് തുടക്കമാവുമെന്ന് മധ്യപ്രദേശ് ബി.ജെ.പി നേതാവ്. മധ്യപ്രദേശ് മന്ത്രിസഭയിലെ പ്രോടേം സ്പീക്കര്‍ കൂടിയായ രാമേശ്വര്‍ ശര്‍മ്മയുടേതാണ് പുതിയ കണ്ടെത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ തറക്കല്ലിടുന്നതോടെ കൊറോണ വൈറസിന്റെ പതനം ആരംഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
‘രാമന് അവതരിച്ചത് ജനങ്ങളുടെ ക്ഷേമത്തിനും രാക്ഷസന്മാരുടെ കഥ കഴിക്കാനുമാണ്. എന്നാണോ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നത് കൊവിഡ് മഹാമാരിയുടെ അന്ത്യവും അവിടെ ആരംഭിക്കും. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെ കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ കൊവിഡ് ലോകത്ത് നിന്ന് തന്നെ പോകും’- അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുന്നത്. കൊവിഡ് മഹാമാരി രാജ്യത്തെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുമ്ബോള്‍ ക്ഷേത്രനിര്‍മ്മാണത്തിനും ആഘോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇന്ത്യയിലുടനീളം 12 ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. 29,000 മരണങ്ങളും സംഭവിച്ചു.