നിയമസഭാ സമ്മേളനം മാറ്റിയത് രാഷ്ട്രീയ കാരണത്താലെന്ന് പ്രതിപക്ഷ നേതാവ്, സർക്കാരിനെതിരെ പ്രക്ഷോഭം തുടരും
അഴിമതിക്കും തീവെട്ടിക്കൊള്ളക്കും എതിരായ പ്രക്ഷോഭം തുടരും. സെപ്തംബർ മാസത്തിൽ സഭ കൂടിയേ മതിയാകൂ. അതുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തും അഴിമതി ഭരണത്തിനെതിരെ പോരാട്ടം തുടരും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണത്താലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളത് കൊണ്ടാണ് അത് മാറ്റിവച്ചതെന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ രാജിയിൽ നിന്ന് പുറകോട്ട് പോകില്ല. ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കും തീവെട്ടിക്കൊള്ളക്കും എതിരായ പ്രക്ഷോഭം തുടരും. സെപ്തംബർ മാസത്തിൽ സഭ കൂടിയേ മതിയാകൂ. അതുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തും അഴിമതി ഭരണത്തിനെതിരെ പോരാട്ടം തുടരും. മറ്റ് പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും. ജൂലൈ 27 ാം തീയതി മാത്രമാണ് സഭ സമ്മേളനം തീരുമാനിച്ചത്. അന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിച്ച് സമ്മേളനം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് മുഖ്യമന്ത്രിയും സ്പീക്കറും സ്വർണ്ണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിൽ വന്നത്. പ്രതിപക്ഷം നോട്ടീസ് നൽകിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്. അവിശ്വാസ പ്രമേയത്തിനും സ്പീക്കറെ മാറ്റാനും നോട്ടീസ് നൽകി. എന്നാൽ നിയമസഭാ ബുള്ളറ്റിനിൽ അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കേരളത്തിലെ ജനങ്ങളുടെ വിശ്വാസം സർക്കാരിന് നഷ്ടപ്പെട്ടു. കള്ളക്കടത്തടക്കമുള്ള കുറ്റങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നേതൃത്വം നൽകി. മുഖ്യമന്ത്രി രാജിവയ്ക്കണം. സിബിഐ അന്വേഷണത്തിന് തയ്യാറാകണം. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നെതർലന്റ്സ് യാത്രയ്ക്ക് സഹായിച്ച കടലാസ് കമ്പനിയെ ഇതിന്റെ കൺസൾട്ടൻസിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്ന് തീരുമാനിച്ചു. ഇത് ഗുരുതര അഴിമതിയാണ്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. വിജിലൻസ് ഇക്കാര്യം ഗുരുതരമായി അന്വേഷിക്കണം.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് എന്നാൽ സർക്കാർ ജീവനക്കാരാണ്. അവരെ നിയമിച്ചാൽ പിന്നെ സർക്കാരാണ് ശമ്പളം നൽകുന്നത്. അവരുടെ യോഗം എകെജി സെന്ററിൽ വിളിക്കുന്നത് ചട്ട ലംഘനമാണ്. അത്തരം യോഗം വിളിക്കാൻ സർക്കാരിന് അധികാരമില്ല. ഭരണം എകെജി സെന്ററിലേക്ക് മാറിയോ എന്നാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.