സ്വർണക്കടത്തിൽ ദുബായിലെ മൂന്ന് മലയാളികൾക്ക് കൂടി പങ്കെന്ന് കസ്റ്റംസ്, ചാർട്ടേഡ് വിമാനങ്ങൾ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന ചിലർ കസ്റ്റംസ് നിരീക്ഷണത്തിൽ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന് പുറമെ മൂന്ന് ദുബായ് മലയാളികൾക്ക് കൂടി സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കസ്റ്റംസ്. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും റബിന്‍സുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് പറയുന്നു. എന്‍ഐഎ കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. റബിന്സിനെതിരായ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ കൊണ്ടോട്ടിയില്‍ നിന്ന് ഒരാളെ പിടികൂടിയിരുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് അധികൃതരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ഫൈസല്‍ ഫരീദിന്റേയും റബിന്സിന്റേയും പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യുഎഇ വിട്ട് മറ്റ് രാജ്യങ്ങളിലേയ്ക്ക് കടക്കുക തടയുകയും തിരിച്ചുകൊണ്ടുവരുകയുമാണ് ലക്ഷ്യം. റബിന്‍സുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശി എസ് മോഹനും റബിന്‍സിന്റെ മറ്റൊരു ബന്ധുവും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്നതില്‍ എസ് മോഹനും പ്രധാന പങ്ക് വഹിച്ചിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എമിഗ്രേഷന്‍ വിഭാഗത്തിലെ കേരള പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. സസ്പെന്‍ഷനിലായ യുഎഇ കോണ്‍സുലേറ്റ് ഗണ്മാന് ജയഘോഷുമായും സിനിമ മേഖലയുമായും ഈ ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഗണ്‍മാനുമായി ഈ ഉദ്യോഗസ്ഥനുള്ള ബന്ധം സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.