കൊച്ചി: കൊവിഡ് സ്ഥിരീകരിച്ച ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പത്താം ദിവസം പരിശോധനകളില്ലാതെ തന്നെ ആശുപത്രി വിടാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്നും സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അതേസമയം നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്കി.
മലയാളി യുവതിയുടെ കൊലപാതകം;ഭര്‍ത്താവിന് 25 വര്‍ഷം ജീവപരന്ത്യവും നാടുകടത്തലും
നിലവിലെ അവസ്ഥ പരിശോധിക്കുമ്പോള്‍ രോഗ ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കും. പരിശോധന നടത്തുന്ന ഇടങ്ങളിലൊക്കെ വലിയ തോതില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ക്ലസ്റ്ററുകളില്‍ 80 ശതമാനവും സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പ്രദേശങ്ങളിലാണ്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ചികിത്സയ്ക്കായി കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങണമെന്നും മെഡിക്കല്‍ കോളെജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണമെന്നും വിദഗ്ധ സമിതി നിര്‍ദേശിക്കുന്നു.
സംസ്ഥാനത്ത് കുറച്ച് പേര്‍ക്ക് മാത്രമാണ് രോഗം ഗുരുതരമാകുന്നത്.എന്നാല്‍ ഈ സ്ഥിതിയ്ക്കും മാറ്റമുണ്ടായേക്കാം.
അതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണമെന്നും നിരക്ക് നിശ്ചയിച്ച സ്വകാര്യ ആശുപത്രികളില്‍ കൂടി ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.
സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വര്‍ധിക്കാതിരിക്കാന്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ഉത്തരവിട്ടിരുന്നു. കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് റിസള്‍ട്ടിന് പത്ത് ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്താം. ഇത് നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാമെന്നാണ് പുതിയ പ്രോട്ടോകോള്‍.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന ആയിരം കടന്നു. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണനയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
1038 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.