സ്വർണക്കടത്ത് കേസിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ട , ഹർജി തള്ളി
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സ്വർണക്കടത്ത്. സ്പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
സ്വർണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും എൻഐഎ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ പോലും ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.കേസിൽ എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.അതിനാൽ കേസിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരെ കേസിൽ എതിർകക്ഷി ആക്കിയതുകൊണ്ടുമാത്രം അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി .ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.