തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. ഈ മാസം 24 വരെ എൻഐഎയുടെ കസ്റ്റഡിയിലാണ് ഇരുവരും.
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിലായത്. കടത്താൻ ശ്രമിച്ചസ സ്വർണ്ണത്തിനായി പണം മുടക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. ഈ മാസം 24 വരെ എൻഐഎയുടെ കസ്റ്റഡിയിലാണ് ഇരുവരും. മറ്റു രണ്ടു പ്രതികളായ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസിന്റെ അപേക്ഷ, സാമ്പത്തിക കുറ്റകൃത്യ കോടതി ഇന്ന് പരിഗണിക്കും.
കേസിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന ഫൈസൽ ഫരീദിന്റെ മൂന്നുപീടികയിലെ വീടിനു മുന്നിൽ NIA ഇന്നലെ അറസറ്റ് വാറണ്ട് പതിപ്പിച്ചിരുന്നു. ദുബായ് പൊലീസിന്റെ പിടിയിലായ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.