സ്വർണക്കടത്തിൽ ഉന്നതർക്ക് പങ്ക് ? പ്രധാന ആസൂത്രകൻ കെ.പി.റമീസെന്ന് എൻഐഎ
വിദേശത്തും കേരളത്തിലും വേരുകളുള്ള വലിയൊരു കള്ളക്കടത്ത് ശ്യംഖല തന്നെ റമീസിന് പിന്നിലുണ്ടെന്ന് സ്വപ്നയും സന്ദീപും മൊഴി നൽകിയതായി എൻഐഎ
കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്തു വിട്ട് എൻഐഎ. സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരേയും കോടതിയിൽ ഹാജരാക്കുന്നതിൻ്റെ ഭാഗമായി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് വിശദവിവരങ്ങൾ എൻഐഎ വ്യക്തമാക്കിയത്.
തിരുവനന്തപുരം കേന്ദ്രമായാണ് സ്വർണക്കടത്ത് നടന്നതെന്നും മലപ്പുറം സ്വദേശിയായ കെപി റമീസാണ് സ്വർണക്കടത്തിലെ മുഖ്യക്കണ്ണിയെന്നും എൻഐഎയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗൺ സമയത്ത് പരമാവധി സ്വർണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും അതിനായി തങ്ങളെ പ്രേരിപ്പിച്ചതും കെപി റമീസാണെന്നും സ്വപ്നയും സന്ദീപും എൻഐഎക്ക് നൽകിയ മൊഴിയിൽ പറയുന്നു. വിദേശത്തും കേരളത്തിലും വേരുകളുള്ള വലിയൊരു കള്ളക്കടത്ത് ശ്യംഖല തന്നെ റമീസിന് പിന്നിലുണ്ടെന്നാണ് ഇരുവരും എൻഐഎക്ക് നൽകിയ മൊഴിയിൽ പറയുന്നത്.
കേസിലെ മുഖ്യകണ്ണിയായി കരുതുന്ന റമീസിനെ ഇതിനോടകം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എൻഐഎ അന്വേഷണസംഘം പറയുന്നു. കേസിൻ്റെ വിശദമായ അന്വേഷണത്തിനായി സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വിട്ടു തരണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെടുന്നു.
എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്നയിൽ നിന്നും ആറ് മൊബൈൽ ഫോണുകളും രണ്ട് ലാപ്പ്ടോപ്പും പിടിച്ചെടുത്തു. കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങളൾ ഇതിലുണ്ട്. രണ്ട് ഫോണുകൾ ഫേസ് റെക്കഗനിഷൻ സംവിധാനം വഴി തുറക്കേണ്ടതായിരുന്നു. അതു സ്വപ്ന തന്നെ തങ്ങൾക്ക് തുറന്നു തന്നു.
ഫോൺ പരിശോധിച്ചതിൽ പല ടെലിഫോൺ സംഭാഷണങ്ങളും ചാറ്റുകളും മറ്റും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇവയെല്ലാം സിഡാക്കിൻ്റെ സഹായത്തോടെ തിരികെ ശേഖരിച്ചുവെന്നും എൻഐഎയുടെ റിപ്പോർട്ടിൽ പറയുന്നു. ടെലിഗ്രാം ചാറ്റ് ഉപയോഗിച്ചാണ് സ്വപ്ന കള്ളക്കടത്തുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയതെന്നും എൻഐഎ വ്യക്തമാക്കുന്നു.
ബാങ്കിംഗ്-നോൺ ബാങ്കിംഗ് സ്ഥാപനങ്ങളിലും സേഫ് ലോക്കറിലുമായി വൻതോതിലുള്ള നിക്ഷേപം സ്വപ്ന സുരേഷിനുണ്ടെന്നും വൻസമ്പാദ്യമാണ് സ്വർണക്കടത്തിലൂടെ സ്വപ്ന നേടിയതെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ബെംഗളൂരുവിലേക്ക് രക്ഷപ്പെടും മുൻപ് എറണാകുളത്ത് നാലിടത്തായി സ്വപ്നയും സന്ദീപും ഒളിച്ചു താമസിച്ചെന്നും എൻഐഎ പറയുന്നു.
പല ഉന്നതരും കേസിൽ ഇനിയും അറസ്റ്റിലാവാനുണ്ടെന്നും ബെംഗളുരൂവിൽ പ്രതികളെ സഹായിച്ച ശരൺ രമേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും കേരളത്തിലെ പല പ്രമുഖരെക്കുറിച്ചും പ്രതികളിൽ നിന്നും വിവരം കിട്ടിയെന്നും ഇവരെക്കുറിച്ചെല്ലാം ഇനി വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എൻഐഎയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം കസ്റ്റഡിയിലുള്ള സ്വർക്കടത്ത് കേസ് പ്രതി പി.ആർ.സരിത്തുമായി എൻഐഎ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. തിരുവല്ലം, കവടിയർ തുടങ്ങി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലെത്തിച്ചാണ് സരിത്തുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്.