സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് ഇടുക്കി സ്വദേശി
കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന് എന്ന എഴുപത്തഞ്ചുകാരനാണ് മരിച്ചത്. ഇന്നലെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന നാരായണനെ അസുഖം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരന്നു.
കഴിഞ്ഞമാസം പതിനാറിന് തേനിയില്‍ നിന്ന് രഹസ്യപാതയിലൂടെ കേരളത്തിലെത്തിയ നാരായണനും മകനും സ്വന്തം ഏലത്തോട്ടത്തിലെ വീട്ടില്‍ ആരുമറിയാതെ താമസിക്കുകയായിരുന്നു. സ്പെഷ്യല്‍ബ്രാഞ്ച് നല്കിയ വിവരത്തെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയെങ്കിലും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ച് സ്രവങ്ങള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു.