രാജീവ്ഗാന്ധി വധകേസ് പ്രതി നളിനി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
സെല്ലിൽ നളിനിക്ക് ഒപ്പമുള്ള തടവുകാരിയെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ജയിൽ അധികൃതർ.
ചെന്നൈ: രാജീവ്ഗാന്ധി വധകേസ് പ്രതി നളിനി വെല്ലൂർ സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു ആത്മഹത്യാ ശ്രമം. സെല്ലിൽ നളിനിക്ക് ഒപ്പമുള്ള തടവുകാരിയെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് നളിനിയുടെ അഭിഭാഷകൻ പുകഴേന്തി പറഞ്ഞു. വെല്ലൂർ ജയിലിൽനിന്ന് പുഴൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ജയിലിലെ ആത്മഹത്യാശ്രമം സംശയകരമാണെന്നും അധികൃതർ സത്യം മറച്ചുവയ്ക്കുന്നുവെന്ന് അഭിഭാഷകൻ കൂട്ടിച്ചേര്‍ത്തു.
1991 മെയ് 21 -ന് രാത്രി പത്തരയോടെയാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആ കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്കുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിനു ശേഷം 2014 -ൽ സുപ്രീം കോടതി നളിനിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.