ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ ‘കൊവാക്സി’ന്റെ പരീക്ഷണം ഇന്നുമുതല്‍ ആരംഭിക്കുന്നു. ഡല്‍ഹി എയിംസ് ആശുപത്രി ഉള്‍പ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുക. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് വൈറോളജിയും ഒത്തുചേര്‍ന്നാണ് കൊവാക്സിന് വികസിപ്പിച്ചെടുത്തത്.
ഡല്‍ഹി എയിംസിലെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. മനുഷ്യരിലെ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കൂടുതല്‍ ഡോസുകള്‍ നിര്‍മിച്ച് അതിവേഗം വിതരണം വാക്സിന് ജനങ്ങള്‍ക്കായി വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്റെ എത്തിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഒഫ് ഇന്ത്യയും ഇതിനായുള്ള അനുമതി നല്‍കിയിരുന്നു. കൊവിഡ് രോഗം വരുത്തുന്ന സാര്‍സ് കോവ്-2 വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഉപയോഗിച്ചാണ് കൊവാക്സിന് നിര്‍മിച്ചിരിക്കുന്നത്. വാക്സിന് നല്കിയാല് ശരീരത്തിന്റെ രോഗപ്രതിരോധശക്തി ശക്തമാക്കുമെന്നും അതുവഴി രോഗത്തെ പ്രതിരോധിക്കാന്‍ ആകുമെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
അതേസമയം, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ പെഡ്രോ ഫോലെഗെറ്റിയും സംഘവും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചെടുത്തത്.
വാക്സിന് നല്കിയവരില് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. കുരങ്ങുവര്‍ഗമായ ചിമ്ബാന്‍സികളില്‍ ജലദോഷമുണ്ടാകുന്ന രോഗാണുവായ അഡീനോ വൈറസിന്റെ നിര്‍വീര്യമാക്കപ്പെട്ട പതിപ്പാണ് ശാസ്ത്രജ്ഞര്‍ വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്.നിര്‍വീര്യമാക്കപ്പെട്ടതിനാല്‍ ഇത് മനുഷ്യരില്‍ രോഗമുണ്ടാക്കില്ല.