പലസ്തീന്: കൊവിഡ് ബാധിതയായി ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ അവസാനമായി കാണാന്‍ ബുദ്ധിമുട്ടുന്ന ഒരു മകനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പലസ്തീന് വെസ്റ്റ് ബാങ്കിലെ ബെയ്ത് അവയില്‍ നിന്നാണ് ഹൃദയഭേദകമായ ഈ കാഴ്ച. ജിഹാദ് അല്‍ സുവൈത്തി എന്ന മുപ്പതുകാരന് ആണ് തന്റെ അമ്മയെ കാണാന്‍ ഐസിയുവിലെ ജനാലയ്ക്കരികില്‍ കയറി ഇരുന്നത്.
ഇയാളുടെ അമ്മയ്ക്ക് 73 വയസ് പ്രായം ഉണ്ട്. കൊവിഡ് ബാധിച്ച് വെസ്റ്റ് ബാങ്കിലെ ഹീബ്രോന് ആശുപത്രിയില്‍ അവര്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് ഐസലേറ്റ് ചെയ്തവരെ ചികിത്സിക്കുന്നവരുടെ ഐസിയുവില്‍ ആണ് യുവാവിന്റെ അമ്മ കഴിയുന്നത്. ആര്‍ക്കും അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അമ്മയെ കാണാന്‍ മറ്റൊരുവഴിയും കാണാത്ത് കൊണ്ടാണ് യുവാവ് ഐസിയുവിലെ ജനാലയ്ക്കരികില്‍ കയറി ഇരുന്നതെന്ന് യുവാവ് പറയുന്നു. ആശുപത്രി കെട്ടിടത്തിലൂടെ വലിഞ്ഞ് കയറിയാണ് യുവാവ് ഐസിയുവിന്റെ ജനാലയ്ക്കരികില്‍ എത്തിയത്. ജനലരികില്‍ കൂടി അയാള്‍ അമ്മയെ കണ്ടു. അപ്രതീക്ഷിതമായി മകനെ കണ്ട അമ്മ വളരെ സന്തോഷവതിയായിരന്നു. പക്ഷേ മകന്റെ സന്ദര്‍ശനം കഴിഞ്ഞ് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം അമ്മ മരണത്തിന് കീഴടങ്ങി. അഞ്ച് ദിവസമായി അവര്‍ ഐ.സി.യുവില്‍ ആയിരുന്നു.
അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ പറഞ്ഞിരുന്നു. കാണാന്‍ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. അതിന് ശേഷമാണ് ജനാലയ്ക്കരികിലെത്തി അമ്മയെ കാണാന്‍ തീരുമാനിച്ചതെന്ന് യുവാവ് പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയെ കാണാന്‍ ഐ.സി.യു ജനലിന്റെ അരികില്‍ എത്തിയ യുവാവിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.