ബംഗളൂരു:ബൈക്കില്‍ തൊട്ടു എന്നാരോപിച്ച് ദളിത് യുവാവിന് ജനക്കൂട്ടം തല്ലിച്ചതച്ചു. കര്‍ണാടകത്തിലെ വിജയപുരത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ക്രൂര മര്‍ദ്ദനത്തി ന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ അബദ്ധത്തില്‍ സ്പര്ശിച്ചെന്നുപറഞ്ഞായിരുന്നു ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നുപേര്ചേര്ന്ന് ക്രൂരമര്ദ്ദനമഴിച്ചുവിട്ടത്. തടികളും ചെരുപ്പുകളും കൊണ്ടായിരുന്നു മര്‍ദ്ദനം. തന്നെ മര്‍ദ്ദിക്കരുതെന്ന് യുവാവ് കേണപേക്ഷിച്ചിട്ടും ആരുടെയും മനസലിഞ്ഞില്ല. സ്ഥലത്ത് നിരവധിപേര്‍ ഉണ്ടായിരുന്നെങ്കിലും ആരും യുവാവിനെ സഹായിക്കാനെത്തിയില്ല. അടിയേറ്റ് അവശനായി വീണ തന്റെ വസ്ത്രമുരിഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവാവ് പൊലീസ് നല്കിയ പരാതിയില്‍ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു സംഘംചേര്‍ന്നുളള മര്‍ദ്ദനം.
യുവാവി ന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ടില്ല. വീഡിയോ ദൃശ്യത്തില്‍ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.കര്‍ണാടകത്തില്‍ താഴ്ന്നജാതിക്കാര്ക്കുനേരെയുളള അതിക്രമങ്ങള്‍ കൂടിവരികയാണ്.