കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ചതിന് പിതാവടക്കമുളള നാലുപേരുടെ അറസ്റ്റിനിടയാക്കിയത് പെണ്‍കുട്ടിയുടെ അമ്മാവന്. ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയും തുടര്‍ന്ന് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിഞ്ഞതും. എട്ടാംക്ളാസ് മുതല്‍ പിതാവി ന്റെ നിരന്തര പീഡനത്തിന് ഇരയായെങ്കിലും പേടിച്ച് ഈ വിവരം പുറത്താരോടും പറഞ്ഞില്ല. ഇതിനിടെ സമീപ വാസികളായ മൂന്നുയുവാക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഭയംമൂലം പെണ്‍കുട്ടി ആരോടും ഇതൊന്നും പറഞ്ഞില്ല. എല്ലാം സഹിച്ചു ; ഉളളിലൊതുക്കി.
നിരന്തര പീഡനത്തിനൊടുവില്‍ ഒരുതവണ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗര്‍ഭമലസിപ്പിക്കാന്‍ എത്തിയത് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വിവരം ആരുമറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുളളവര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മാവന് ഇക്കാര്യമറിഞ്ഞു. സംഭവം സത്യമാണെന്ന് വ്യക്തമായതോടെ പെണ്‍കുട്ടിയോട് പരാതി നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. അമ്മാവ ന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. താന്‍ നിരന്തരപീഡനത്തിനിരയാകുന്ന വിവരം മാതാവിന് അറിയാമായിരുന്നു എന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ അവരെയും പ്രതിചേര്‍ത്തേക്കും.
ഒളിവിലുളള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.