24 മണിക്കൂറിൽ 40,000 കടന്ന് പുതിയ കൊവിഡ് രോഗികൾ, രാജ്യത്തെ ആകെ രോഗികൾ 11 ലക്ഷം കടന്നു
ഇരുപത്തിനാല് മണിക്കൂറിൽ 681 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് നാൽപ്പതിനായിരം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. രാജ്യത്തെ പ്രതിദിനവർദ്ധന കുത്തനെ മുകളിലേക്ക് കുതിക്കുകയാണ്.
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റെക്കോഡ് ചെയ്തത് നാൽപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ. 40,425 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 681 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27,497 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിയുകയും ചെയ്തിട്ടുണ്ട്. (11,18,043)
അതായത് രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ ആകെ കണക്ക് പത്ത് ലക്ഷം പിന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴേക്ക്, എണ്ണം ഒരു ലക്ഷം കൂടി ചേർത്ത് പതിനൊന്ന് ലക്ഷം കടന്ന് കുതിയ്ക്കുകയാണ്.
ഇതിനെല്ലാമിടയിലും രാജ്യത്തെ രോഗമുക്തി നിരക്ക് താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നതാണ് ആശ്വാസകരമായ കാര്യം. 11 ലക്ഷം രോഗബാധിതരിൽ ഏതാണ്ട് ഏഴ് ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്. 7,00,087 പേരാണ് ആകെ രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. അതായത് രോഗം ബാധിച്ചവരിൽ ഏതാണ്ട് 62.61 ശതമാനം പേർക്കും രോഗമുക്തിയുണ്ടായി.
അതേസമയം, രോഗികളുടെ പ്രതിദിനവർദ്ധനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെക്കാൾ കൂടുതലാണ് ഇന്ത്യയിലെ രോഗവ്യാപനം. രോഗവ്യാപനത്തിൽ തുടർച്ചയായ നാലാംദിവസം ഇന്ത്യ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ രോഗവ്യാപനം കുത്തനെ കൂടിയാൽ ചികിത്സാസൗകര്യം ഉണ്ടാകുമോ എന്ന ആശങ്കകൾ തുടരുകയാണ്. നിലവിൽ ഏതാണ്ട് നാല് ലക്ഷം (3.9 ലക്ഷം) രോഗികളാണ് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്. ഇപ്പോഴും ഇന്ത്യയിൽ സാമൂഹികവ്യാപനം ഇല്ലെന്ന നിലപാടിൽത്തന്നെ ഉറച്ച് നിൽക്കുകയാണ് കേന്ദ്രസർക്കാർ.
കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ നാലാഴ്ചക്കാലത്തെ കണക്കുകളിൽ ഈ ആഴ്ചയാണ് രാജ്യത്തെ ഇത് വരെയുള്ള 21 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തതെന്ന് കാണാം. ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ച ആകെ 1.2 ലക്ഷം രോഗികളാണ് പുതുതായി ഉണ്ടായതെങ്കിൽ, ജൂൺ 29 മുതൽ ജൂലൈ 5 വരെയുള്ള തീയതികളിൽ 1.5 ലക്ഷം പുതിയ രോഗികളുണ്ടായി. ജൂലൈ 6 മുതൽ 12 വരെയുള്ള ആഴ്ചയിൽ 1.8 ലക്ഷം പുതിയ രോഗികളുണ്ടായി. കഴിഞ്ഞ ആഴ്ചയാകട്ടെ, അതായത് ജൂലൈ 13 മുതൽ 19 വരെയുള്ള ആഴ്ചയിൽ ആകെ ഉണ്ടായത് 2.4 ലക്ഷം പുതിയ രോഗികളാണ്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ ഏതാണ്ട് 31 ശതമാനം കൂടുതൽ കേസുകൾ ഈ ആഴ്ചയുണ്ടായി.
ആശ്വാസകരമായ മറ്റൊരു കാര്യം രാജ്യത്തെ മരണനിരക്ക് കുറയുന്നു എന്നതാണ്. നാല് ശതമാനം വരെ മരണനിരക്ക് ഒരു സമയത്ത് ഉയർന്ന് നിന്നിരുന്നെങ്കിൽ അത് ഇപ്പോൾ 2.5 ശതമാനമായി കുറയുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്.
രാജ്യത്തെ മരണനിരക്കിൽ ദേശീയശരാശരിയേക്കാൾ കുറവ് രേഖപ്പെടുത്തിയ 29 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താരതമ്യേന കൊവിഡ് രോഗഭീഷണി കുറവാണ്. മണിപ്പൂർ, നാഗാലാൻഡ്, സിക്കിം, മിസോറം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ മരണനിരക്ക് പൂജ്യമാണ്. അതേസമയം, ലഡാക്കിൽ മരണനിരക്ക് 0.09 ശതമാനമാണ്. ത്രിപുരയിൽ ഇത് 0.19 ശതമാനവും അസമിൽ 0.23 ശതമാനവും ദാദ്ര- നാഗർഹവേലി – ദാമൻ -ദിയുവിൽ ഇത് 0.33 ശതമാനവുമാണ്. ഈ പ്രദേശങ്ങളേക്കാൽ ജനസാന്ദ്രത കൂടിയ കേരളമാണ് പിന്നീട് ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം. കേരളത്തിലെ മരണനിരക്ക് 0.34 ശതമാനമാണ്.