ദുബായ്:സ്വർണ കളളകടത്ത് കേസിന്റെ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദ് യു എ ഇ പൊലീസിന്റെ പിടിയിൽ. മൂന്നുദിവസം മുമ്പാണ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ റാഷിദിയ പൊലീസ് പിടികൂടിയത്. ഫൈസലിനെ നാളെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെത്തിക്കാനുളള നടപടികൾ കേന്ദ്ര-ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങൾ ശക്തമാക്കിയിട്ടുണ്ട്.ഇതിനോടകം ഫൈസലിനെ മൂന്നു റൗണ്ട് ചോദ്യം ചെയ്തിട്ടുണ്ട്. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ. ഇയാളുടെ അറസ്റ്റ് കേസന്വേഷണത്തിന് ഏറെ സഹായകമാകും.ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഫൈസലിനു വേണ്ടി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നുനേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെതിരെ വാർത്തകൾ പുറത്തുവന്നപ്പോൾ പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാൽ കേസുമായി ബന്ധമില്ലെന്നും പറഞ്ഞ് ഇയാൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നു. . എന്നാൽ ഇതിനുപിന്നാലെ ഫൈസൽ കേസിൽ ഉൾപ്പെട്ട ആളാണെന്ന് എൻ ഐ എ. സ്ഥിരീകരിച്ചതോടെ ഒളിവിൽ പോവുകയായിരുന്നു. ഇതാേടെ ഇയാൾ മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാൻ യു എ ഇ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.