6 ദിവസത്തിനകം 18 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൻ പ്രതിസന്ധി
ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സുരക്ഷാ ഉറപ്പാക്കണം എന്ന് നഴ്സുമാരുടെ സംഘടനയുടെ ആരോപണം.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി തുടരുന്നു. ആറ് ദിവസത്തിനുള്ളില്‍ 18 പേര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സുരക്ഷാ ഉറപ്പാക്കണം എന്നുമാണ് നഴ്സുമാരുടെ സംഘടനയുടെ ആരോപണം. നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ മുഴുവൻ ജീവനക്കാരിലേക്കും രോഗം പകരുന്ന സാഹചര്യമെന്നും കെജിഎൻയു പറഞ്ഞു.
സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 151 പേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതില്‍ നാലുപേരുടെ ഉറവിടം അവ്യക്തമാണ്. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല.
പാല്, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.