ആദ്യം ഡമ്മി പരീക്ഷണം; നയതന്ത്രബാഗിലൂടെ ആകെ കടത്തിയത് 230 കിലോ സ്വർണം, പിടികൂടിയത് 30 കിലോഗ്രം മാത്രം
ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വർണക്കടത്ത് തുടങ്ങിയത്.
കൊച്ചി: വിമാനത്താവള സ്വർണക്കടത്ത് കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. നയതന്ത്രബാഗിലൂടെ 230 കിലോ സ്വർണമാണ് കേരളത്തിലേക്ക് ആകെ കടത്തിയത്. ഇതില്‍ 30 കിലോഗ്രം സ്വർണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വർണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വർണം പിടിച്ചത്. സ്വർണക്കടത്ത് സംഘം ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം നടത്തിയെന്നും വിവരം.
ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വർണക്കടത്ത് തുടങ്ങിയത്. വീട്ടുപകരണങ്ങള്‍ എന്ന പേരിലാണ് സംഘം 200 കിലോ സ്വർണം കടത്തിയത്. 3.7 കിലോ സ്വര്‍ണം മാത്രമാണ് കസ്റ്റംസിന് കണ്ടെത്താനായത്. അതേസമയം, സ്വപ്നയുടെ നിയമനത്തിനെതിരെ കൊച്ചി സ്വദേശി വിജിലൻസ് കമ്മിഷണർക്ക് പരാതി നല്കി. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് പരാതിക്കാരൻ പറയുന്നു.
അതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ കെ ടി റമീസിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിട്ടുന്നത് വൈകും. കൊവിഡ് പരിശോധനാ ഫലം വൈകിയതാണ് കാരണം. വ്യാഴാഴ്ച തന്നെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ടാണ് റമീസിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കിട്ടിയത്. നാളെ കോടതി അവധിയായതിനാല്‍ മറ്റന്നാളായിരിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുക. സ്വര്‍ണം കടത്താനുള്ള പണത്തിനായി നിക്ഷേപകരെ കണ്ടെത്തിയതില്‍ ഉള്‍പ്പെടെ മുഖ്യ പങ്കുള്ളയാളാണ് റമീസ്. റമീസിനെ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് ആറ് പേര് പിടിയിലായത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പേരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.