അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സോഷ്യല്‍മീഡിയ വഴി സഹായ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനി വര്‍ഷയ്ക്ക് ലഭിച്ചത് ഹവാല പണമാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കുകയും തിരിച്ച് പിടിക്കുകയും ചെയ്യണമെന്ന് സന്നദ്ധ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബില്‍. ഹവാലക്കാരും ചാരിറ്റിക്കാരും വര്‍ഷയും തമ്മില്‍ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വര്‍ഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കില്‍ ഈ ഇടപാടില്‍ വര്‍ഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ട്. അവരെയും പ്രതിചേര്‍ത്ത് കേസ് എടുക്കണമെന്നും ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
വര്‍ഷയുടെ അമ്മയുടെ ചികിത്സക്കായി സോഷ്യല്‍മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തകര്‍ അടക്കം വീഡിയോ ചെയ്തതിലൂടെ ഒരു കോടിയിലേറെ രൂപ ലഭിച്ചിരുന്നു. ഈ തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ചാരിറ്റി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ തുക എത്തിയതില്‍ അസ്വാഭാവികത ഉണ്ടെന്നും ഹവാല, കുഴല്‍പ്പണ ബന്ധം ഇതിനുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡിസിപി ജി പൂങ്കുഴലി ഐപിഎസ് പറഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് ഫിറോസിന്റെ പ്രതികരണം. ഫേസ്ബുക്കിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംപറമ്ബില്‍, സാജന് കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനി വര്‍ഷയാണ് അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയത്. ജൂണ്‍ 24നാണ് വര്‍ഷ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. പിന്നീട് തൃശൂര്‍ സ്വദേശി സാജന് കേച്ചേരി എന്നയാള്‍ സഹായവുമായി എത്തി. ഫിറോസ് കുന്നുംപറമ്ബില് അടക്കമുളളവര്‍ ഫേസ്ബുക്കിലൂടെ വര്‍ഷയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുളള വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി പ്രവര്‍ത്തകരിലൂടെ ചികിത്സാ സഹായ അഭ്യര്‍ഥന നടത്തിയതിന് പിന്നാലെ ഒരു കോടി 35 ലക്ഷത്തിലേറെ രൂപയാണ് ദിവസങ്ങള്‍ക്കുളളില്‍ വര്‍ഷയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെയുളള തുകയാണ് വേണ്ടിയിരുന്നത്. ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ തുക അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് ഇനി ആരും പണം അയക്കേണ്ടെന്ന് അറിയിച്ചിരുന്നു. അടുത്ത ദിവസവും ലക്ഷക്കണക്കിന് തുക വര്‍ഷയുടെ അക്കൗണ്ടില്‍ വീണ്ടും എത്തുകയാണ് ഉണ്ടായത്. വര്‍ഷയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി സഹായിച്ച ചാരിറ്റി പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ചികിത്സയ്ക്കായി വേണ്ട തുകയുടെ ഇരട്ടിയാണിത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തന്റെ അമ്മ മരിച്ചു പോയാല്‍ ഉണ്ടാകുമായിരുന്നതിനെക്കാള്‍ വലിയ വിഷമത്തിലാണ് താനുള്ളതെന്നും തന്റെ സഹോദരിയെ വരെ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും വര്‍ഷ ഫെയ്സ്ബുക്കിലൂടെ കരഞ്ഞ് പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തി പണം സമാഹരിക്കാന്‍ സഹായിച്ച സാജന് കേച്ചേരി പണം തനിക്കു കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് വര്‍ഷ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ശസ്ത്രക്രിയയ്ക്ക് ശേഷം ഫേസ്ബുക്ക് ലൈവില്‍ വന്നത്. കൂടാതെ അപരിചിത നമ്ബരുകളില്നിന്ന് വിളിച്ചു സാജന് പറഞ്ഞിട്ടാണ് വിളിക്കുന്നത്, പണം നല്‍കുമെന്ന് പറഞ്ഞു എന്ന മട്ടിലുള്ള സഹായ അഭ്യര്‍ഥനകളും എത്തുന്നതായി പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിരുന്നു.
ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല, സാജന് കേച്ചേരി ആവശ്യപ്പെടുന്നത് പോലെ തന്നെയാണ് ഫിറോസ് കുന്നംപറമ്ബിലും തന്നെ ഫോണില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതെന്നും വര്‍ഷ പറഞ്ഞിരുന്നു. തന്റെ അവസ്ഥ പരിഗണിച്ച് തനിക്ക് കുറച്ച് ടൈം വേണമെന്നാണ് ഇവരോടെല്ലാം ആവശ്യപ്പെട്ടത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവരും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നതെന്നും വര്‍ഷ വ്യക്തമാക്കിയിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇതില്‍ ഇടപെട്ടതിനെ തുടര്‍ന്ന് വര്‍ഷ എറണാകുളം ഡിസിപി ജി പൂങ്കുഴലി ഐപിഎസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു
സമൂഹമാധ്യമങ്ങളിലൂടെ വിഡീയോ പ്രചരിപ്പിച്ച വഴി ലഭിച്ച ഒരു കോടി 35 ലക്ഷം രൂപയില്‍ ചികിത്സയ്ക്കായി ആവശ്യമുള്ള 30 ലക്ഷം രൂപ കഴിച്ചുള്ള തുക തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് സാജന് കേച്ചേരിയുടെ ആവശ്യം. എന്നാല്‍ തനിക്ക് ലഭിച്ച തുക ഉപയോഗിച്ച് ചികിത്സയിലുളള മറ്റൊരു യുവതിയെ സഹായിച്ചെന്ന് വര്‍ഷ പറഞ്ഞു. അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മൂന്നു മാസം കൂടി തുടര്‍ ചികിത്സ ആവശ്യമുണ്ട്. ഇതിനു വേണ്ടി വരുന്ന തുക കൂടി കരുതി വയ്ക്കേണ്ടതുണ്ടെന്നും അതിനുശേഷം ബാക്കി തുകയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് വര്‍ഷ ഫെയ്സ്ബുക് ലൈവിലൂടെ പറഞ്ഞത്. വര്‍ഷയുടെ കരളാണ് അമ്മയ്ക്കായി പകുത്ത് നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞിട്ട് 15 ദിവസമായതേ ഉളളൂ. രണ്ട് മാസമെങ്കിലും പൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെതെന്നും വര്‍ഷ അറിയിച്ചിരുന്നു.
അക്കൗണ്ടിലുളള തുകയ്ക്കു വേണ്ടി സാജന് കേച്ചേരി എന്നയാള്‍ അയച്ച ആളുകള്‍ ആശുപത്രിക്ക് സമീപത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലെത്തിയിരുന്നതായും വര്‍ഷ വെളിപ്പെടുത്തിയിരുന്നു. അതേസമയം പണം നല്‍കിയില്ലെന്നും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ ഇറക്കി വിട്ടെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ സാജന് കേച്ചേരി ആരോപിച്ചത്. എന്നാല്‍ താന്‍ ആരേയും ഇറക്കി വിട്ടില്ലെന്നും താമസിക്കുന്ന വീടിന്റെ ഉടമസ്ഥന് അവിടെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന സ്ഥലമായതിനാല്‍ പോകണമെന്ന് ആവശ്യപ്പെട്ടതാണെന്നും വര്‍ഷ പറഞ്ഞു. തന്റെ അമ്മ മരിച്ചു പോയാല്‍ ഉണ്ടാകുമായിരുന്നതിനെക്കാള്‍ വലിയ വിഷമത്തിലാണ് താനുള്ളതെന്നും തന്റെ സഹോദരിയെ വരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും വര്‍ഷ ഫെയ്സ്ബുക്കിലൂടെ കരഞ്ഞ് പറഞ്ഞിരുന്നു.