തലശേരി : പാലത്തായി സ്കൂളിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ കെ പത്മരാജന് അഡീഷണല്‍ ജില്ലാ സെഷന്‍സ് (2) കോടതി ജാമ്യം അനുവദിച്ചു.
പീഡനത്തിനിരയായ കുട്ടി ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ പ്രവേശിക്കരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും കുട്ടിയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥയോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം. ജുവനൈല്‍ ജസ്റ്റിസ് ആക്ടുപ്രകാരം പ്രാഥമിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്താല്‍ പോക്സോപ്രകാരമുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു.