യൗവനം വിടാത്ത സ്ത്രീകള്‍ പ്രതിപ്പട്ടികയില്‍ വന്നാല്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങള്‍ പ്രത്യേകിച്ചും അവരുടെ അഴകളവുകളുടെ പിന്നാലെയാണ്… സ്വപ്ന, ജോളി, സരിത എന്നിവരുടെ രഹസ്യ ക്ലിപ്പുകള്‍ കിട്ടുമോ എന്നാണ് എല്ലാര്ക്കും അറിയേണ്ടത് … ക്രിമിനല്‍ പശ്ചാത്തലവും അവരുടെ സെക്സും ചര്‍ച്ചയാകുമ്ബോള്‍ . രമ്യ ബിനോയ് എന്ന യുവതിയുടെ പോസ്റ്റ് വൈറലാകുന്നു
‘അമ്മാ… ഞാന്‍ ഗേ ആയാല്‍ അമ്മ അംഗീകരിക്കുമോ?’ പതിനൊന്നുകാരന് മകന്റേതാണ് ചോദ്യം.
അതുപിന്നെ… നിനക്ക് ഇപ്പോഴേ പെണ്‍കുട്ടികളോട് ക്രഷ് ഉണ്ടല്ലോ. അപ്പോ നീ ഗേ ആവത്തില്ല’ ഞാന്‍ മറുപടി നല്കി.
‘അങ്ങനല്ല, ഇമാജിന്‍ ചെയ്യൂ. ഞാന്‍ ഗേ ആണെന്ന്. അപ്പോഴോ?’ അവന് വിടാന്‍ ഭാവമില്ല.
‘അത്… അംഗീകരിക്കും. പക്ഷേ ചെറിയ ടെന്‍ഷനൊക്കെ തോന്നും’ ഞാന്‍ സത്യം പറഞ്ഞു.
അമ്മാ… യു ആര് എ സെക്സിസ്റ്റ്. ഞാന്‍ അമ്മേടടുത്തൂന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല’ ഞാന്‍ തലതാഴ്ത്തിപ്പോയി.
ഇതാണ് പുതുതലമുറ. നമ്മുടെ കാലത്ത് സെക്സിസ്റ്റ് എന്ന് പുച്ഛത്തോടെ പറഞ്ഞിരുന്നത് സ്ത്രീകളെ അവഹേളിക്കുന്നവരെ ഉദ്ദേശിച്ചാണ്. പക്ഷേ, ഈ കുട്ടികള്‍ അതിനുമപ്പുറം എല്ലാ ജെന്ഡറിനെയും അംഗീകരിച്ചവരാണ്. അല്ലെങ്കില്‍ ജെന്‍ഡര്‍ വ്യത്യാസങ്ങളെ കുറിച്ചു ചിന്തിക്കാത്തവരാണ്. ഒരു വശത്ത് ഈ തലമുറ നില്‍ക്കുമ്ബോളാണ് മറുവശത്ത് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന കേസിലെ പ്രതിയുടെ ജെന്‍ഡര്‍ നാം ആഘോഷമാക്കുന്നത്. എന്തുപറ്റി നമുക്ക്
സോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ സരിതയുടെയും സ്വപ്നയുടെയും വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ കിട്ടുന്ന ഒരു പഴുതും ആരും വേണ്ടെന്നുവയ്ക്കുന്നില്ല. പരസ്യമായി ഇതിനെതിരെ പ്രതികരിക്കുന്നവരും രഹസ്യമായി ‘ക്ലിപ്’ കിട്ടുമോ എന്ന് തിരക്കുന്നു. അവര്‍ പ്രതികളായ കേസിന്റെ ഗുരുതര സ്വഭാവം പോലും ഇല്ലാതാക്കുന്ന മട്ടിലാണ് ചര്‍ച്ചകളുടെ പോക്ക്. കൂടത്തായി കൂട്ടക്കൊല കേസിലും ഇതു തന്നെയാണ് നാം കണ്ടത്. സ്ത്രീ പ്രതിയാകുമ്ബോള്‍ കേസിന്റെ മെറിറ്റിനെക്കാള്‍ ചര്‍ച്ചയാകുന്നത് അവരുടെ യൗവനവും സൗന്ദര്യവുമൊക്കെയാണ്.
സ്ത്രീ എന്നാല്‍ ശരീരം മാത്രമെന്ന ചിന്തയില്‍ നിന്നാണ് ഈ ഒളിഞ്ഞുനോട്ടങ്ങളുണ്ടാകുന്നത്. മാത്രമല്ല, സ്ത്രീശരീരം അശ്ലീലമെന്നാണ് പലരും പഠിച്ചുവച്ചിരിക്കുന്നത്. അപ്പോള്‍ എന്തെങ്കിലും വിഷയത്തില്‍ ആരോപണവിധേയയായി അല്ലെങ്കില്‍ കേസില്‍ പ്രതിയായി ഒരു സ്ത്രീ എത്തുന്നതോടെ സഹപ്രതികളെക്കാള് അവളിലേക്ക് ചൂണ്ടുവിരലുകള്‍ കൂര്‍ക്കുകയാണ്. പല കേസുകളിലും പ്രതിയാകുന്ന പുരുഷന്മാര് തന്നിഷ്ടത്തിനു ലൈംഗിക ജീവിതം നയിക്കുന്നവരാകും. പക്ഷേ, അതൊരിക്കലും ചര്‍ച്ചയാകുന്നില്ല. കാരണം, നമ്മുടെ നാട്ടുനടപ്പില്‍ ലൈംഗികത പുരുഷനില്‍ അവകാശവും സ്ത്രീയില്‍ അശ്ലീലവുമാണ്. സ്ത്രീ പ്രതിയാകുന്ന കേസില്‍ ലൈംഗികമായ കുറ്റകൃത്യങ്ങളോ ഉപയോഗപ്പെടുത്തലുകളോ നടന്നിട്ടില്ലെങ്കില്‍ പോലും അവളുടെ ശരീരം ചര്‍ച്ചയാകുന്നുണ്ട്. കാരണം, കുറ്റകൃത്യം ചെയ്ത സ്ത്രീ പൊതുമുതല്‍ എന്ന മട്ടിലാണ് പലരും ചിന്തിക്കുന്നത്. അവളെ കുറിച്ച് എന്തും പറയാം. അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാല്‍ അവരെയും ഇതേ മട്ടില്‍ അവഹേളിച്ചു നിശബ്ദരാക്കാം.
കുറ്റകൃത്യങ്ങളെ, കുറ്റവാളികളെ വിമര്‍ശിക്കരുതെന്നല്ല. അത് ചെയ്യാനുള്ള അവകാശം കണ്ടുനില്ക്കുന്നവര്ക്കുമുണ്ട്. പക്ഷേ, ആ വിമര്‍ശനത്തില്‍ ലൈംഗികത തിരുകുമ്ബോള്, ശാരീരിക പ്രത്യേകതകള്‍ ചര്ച്ചയാകുമ്ബോളൊക്കയാണ് അശ്ലീലമാകുന്നത്. ഇനി ആ കുറ്റകൃത്യത്തില്‍ ലൈംഗികതയ്ക്ക് പ്രസക്തിയുണ്ടെങ്കില്‍ പോലും സ്ത്രീ ഒറ്റയ്ക്കല്ല അതു ചെയ്തെന്നു മറക്കാതിരിക്കാം.
കുറ്റകൃത്യത്തിന്റെ ഒരറ്റത്ത് സ്ത്രീയുണ്ടോ, എങ്കില്‍ അതില്‍ ലൈംഗികതയുണ്ടാകും എന്ന മിഥ്യാധാരണ എന്നാണ് നാം ഉപേക്ഷിക്കുക? കുറ്റവാളിയോ കുറ്റാരോപിതയോ ആയ സ്ത്രീയുടെ ശരീരം വിമര്‍ശകര്‍ക്ക് പൊതുവിടത്തിലെയോ സ്വകാര്യതയിലെയോ ചര്‍ച്ചയില്‍ യഥേഷ്ടം ഉപയോഗിക്കാമെന്ന ധാരണ തിരുത്തുക. അല്ലെങ്കില്‍ ഇത്തരം ശീലക്കേടുകളുടെ പേരില്‍ വരും തലമുറയ്ക്കു മുന്നില്‍ നാണംകെട്ടു നില്ക്കേണ്ടിവരും.