തൃശൂർ: അശ്രദ്ധയോടെ ശസ്ത്രക്രിയ നടത്തിയെന്ന് ആരോപിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പരാതി. ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവച്ചതായാണ് ആരോപണം. തൃശൂർ മെഡിക്കൽ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ കണിമംഗലം സ്വദേശി ജോസഫ് പോളാണ് പരാതി നൽകിയത്. തൃശൂർ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.
ഏപ്രിൽ ആദ്യ ആഴ്ചയിൽ മഞ്ഞപ്പിത്തത്തെ തുടർന്നാണ് ജോസഫ് പോൾ കൂർക്കഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് പാൻക്രിയാസിൽ തടിപ്പുണ്ടെന്നും ഉടൻ ശസ്ത്രക്രിയക്കു വിധേയനാകണമെന്നും ആശുപത്രി അധികൃതർ അറിയിക്കുയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാൽ ശസ്ത്രക്രിയക്കുവേണ്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. ഏപ്രിൽ 25-ാം തിയതി ഡോ.പോളി ടി.ജോസഫിനെ കാണുകയും അദ്ദേഹം ഓപ്പറേഷന്റെ തിയതി തീരുമാനിക്കുകയും ചെയ്തു. മേയ് അഞ്ചിനാണ് പോളി ടി.ജോസഫിന്റെ നേതൃത്വത്തിൽ താൻ ശസ്ത്രക്രിയക്കു വിധേയനായതെന്ന് പരാതിക്കാരൻ പറയുന്നു.
മേയ് അഞ്ചിനു രാവിലെ 11.30 നു ഓപ്പറേഷനു കയറ്റി വൈകീട്ട് 5.30 നാണ് ശസ്ത്രക്രിയ അവസാനിച്ചത്. മേയ് 12 നു വീണ്ടും ഒരു ശസ്ത്രക്രിയക്കു കൂടി വിധേയനാകാൻ ഡോക്ടർ ആവശ്യപ്പെട്ടതായും അതനുസരിച്ച് രണ്ടാമതും ശസ്ത്രക്രിയ ചെയ്തതായും പരാതിയിൽ പറയുന്നു.
മേയ് 30 വരെ ആശുപത്രിൽ തുടർന്നു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത് വീണ്ടും സ്കാനിങ് നടത്തി. വയറിനുള്ളിൽ പഴുപ്പുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.
ഉടൻ അഡ്മിറ്റ് ആകണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും സംശയം നിമിത്തം പരാതിക്കാരൻ അഡ്മിറ്റായില്ല. പിന്നീട് ഒരു സ്വകാര്യ ലാബിൽ പോയി എക്സറേയെടുത്തു. അപ്പോഴാണ് വയറിനുള്ളിൽ കത്രികയുള്ളതായി കുടുംബം അറിയുന്നത്. പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിൽ പോയി സിടി സ്കാൻ ചെയ്തപ്പോഴും കത്രിക വയറിനുള്ളിൽ കിടക്കുന്നതായി അറിയാൻ സാധിച്ചു. അശ്വിനി ആശുപത്രിയിൽവച്ച് വീണ്ടും ശസ്ത്രക്രിയക്കു വിധേയനാകുകയും കത്രിക പുറത്തെടുക്കുകയും ചെയ്തതായി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഇക്കാര്യം ഡോ.പോളിയെ അറിയിച്ചപ്പോൾ ശസ്ത്രക്രിയക്കിടെ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് സ്വാഭാവികമാണെന്ന തരത്തിൽ മോശം പ്രതികരണമാണ് ലഭിച്ചതെന്ന് കുടുംബം ആരോപിച്ചു. ഇന്നലെയാണ് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്രണ്ട് മുൻപാകെ തങ്ങൾ പരാതി നൽകിയതായും ജോസഫ് പോളിന്റെ കുടുംബം പറഞ്ഞു. ഡോക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോഴാണ് തങ്ങൾ സ്വകാര്യ ലാബിൽ പോയി വീണ്ടും എക്സറേ എടുത്തതെന്ന് ജോസഫ് പോളിന്റെ മകൻ ഫെബിൽ ഒരു മാധ്യമത്തിനോട് പറഞ്ഞു. തങ്ങൾക്ക് പരാതി ലഭിച്ചതായും അന്വേഷിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് അധികൃതർ പറഞ്ഞു.