ലോകമെമ്ബാടും ആയിരങ്ങളാണ് വിവിധ കോവിഡ് വാക്സിനുകളുടെ പരീക്ഷണത്തിനായി സ്വന്തം ശരീരം വിട്ടു നല്‍കുന്നത്. യുകെ പൗരനായ ഇന്ത്യന്‍ വംശജന് ദീപക് പലിവാളും അത്തരത്തിലൊരു പോരാളിയാണ്. കോവിഡ് വാക്സിന് ട്രയലുകള്‍ നടക്കുന്ന ഓക്സഫഡ് സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രത്തിനു വേണ്ടിയാണ് ദീപക് വോളന്റിയറായത്. യുകെയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന രണ്ടാംഘട്ട പരീക്ഷണത്തില്‍ ദീപക് അടക്കം 1000 പേരാണ് പങ്കെടുത്തത്.
ലണ്ടനില്‍ താമസിക്കുന്ന ദീപക് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍സല്‍ട്ടന്റ് ആണ്. സുഹൃത്തുക്കളില്‍ ഒരാളാണ് മരുന്ന് പരീക്ഷണത്തിന് വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് അറിയിച്ചത്. ഭാര്യയ്ക്ക് ആദ്യം സമ്മതമല്ലായിരുന്നു. പക്ഷേ, ഏപ്രില്‍ 16ന് നടന്ന സ്ക്രീനിങ്ങില്‍ ദീപക് പങ്കെടുത്തു. പരീക്ഷണത്തിന് മുന്‍പ് പൂര്‍ണമായ ചെക്കപ്പ് നടത്തി. പരീക്ഷണത്തിന്റെ അപകട സാധ്യതകളെ കുറിച്ചും ദീപക് അടക്കമുള്ളവരെ ബോധ്യപ്പെടുത്തി.
അവയവനാശം, മരണം എന്നിങ്ങനെ എന്തും സംഭവിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. പക്ഷേ, ദീപക് ധൈര്യപൂര്‍വം മുന്നോട്ട് പോയി. ഭാര്യ, അമ്മ, സഹോദരി, കുടുംബാംഗങ്ങള്‍ എന്നിവരുടെ കാര്യമോര്‍ത്ത് ആശങ്കയുണ്ടായിരുന്നെങ്കിലും അതൊന്നും ദീപക്കിനെ പിന്തിരിപ്പിച്ചില്ല മേയ് 11നാണ് ദീപക്കിന്റെ ശരീരത്തില്‍ വാക്സിന് കുത്തി വയ്ക്കുന്നത്. രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വാക്സിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിന്റെ ഭാഗമായി ചെറിയ പനിയും വിറയലും ഉണ്ടായി. മറ്റ് കുഴപ്പങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.