സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത് . കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് പോയത്.
അറ്റാഷെയുടേ പേരില്‍ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.എന്‍ഐഎ കോടതിയില്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്ബോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അറ്റാഷെയില്‍ നിന്ന് അറിയാനുണ്ടെന്നിരിക്കെയാണ് അറ്റാഷെ യുഎഇയിലേക്ക് മടങ്ങിയത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനല്‍ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോള്‍ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മര്‍ദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഔദ്യോഗിക വേഷത്തില്‍ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. അറ്റാഷെയും പ്രതികളും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.