ബംഗളൂരു : കോവിഡ് പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. കടുത്ത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളുമായി സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രതതോടെ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടയില്‍ കര്‍ണാടകയിലെ ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ദൈവത്തിന് മാത്രമേ വൈറസില്‍ നിന്ന് രക്ഷിക്കാനാകുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലു പറയുന്നു.
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗുജറാത്തിനെ മറികടന്ന് മുന്നേറുകയാണ് കര്‍ണാടക. പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 3000 കടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരികയാണ്. മരണസംഖ്യയും ഇതൊടൊപ്പം വര്‍ധിക്കുന്നുണ്ട്. ആയിരത്തോട് അടുക്കുകയാണ്. സെപ്റ്റംബറിന്റെ തുടക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കൊവിഡ് നിയന്ത്രണം കൈവിട്ട അവസ്ഥയിലാണെന്നാണ് മന്ത്രി പറയുന്നത്. ജില്ലാ ഭരണകൂടത്തിന് കൂടുതല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക വ്യാപകമായി കൊവിഡ് കേസുകള്‍ ഉയരുകയാണ്. വൈറസിന് പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ, ജാതിയോ, മതമോ ഇല്ല. ദിവസവും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. അവരവര്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക. ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാരിന്റെ വീഴചയായി ചൂണ്ടിക്കാണിക്കാം. ഏകോപനത്തിലെ പോരായ്മ, മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.എന്നാല്‍ ആരുടെയെങ്കിലും കൈ കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുന്നതല്ല കോവിഡ് വ്യാപനം’ – മന്ത്രി പറഞ്ഞു.