ഓഗസ്റ്റോടെ ജില്ലകളിൽ കൊവിഡ് രോഗികള്‍ 5000 കടന്നേക്കും, പ്രതിരോധം ഊര്‍ജിതമാക്കാൻ മന്ത്രിസഭാ തിരുമാനം
ആശങ്കാജനകമായ സാഹചര്യം മുന്നിൽകണ്ട് ഓരോ പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് കൂടുതൽ ആശങ്കാജനകമായി പടരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റ് മാസത്തോടെ ഓരോ ജില്ലയിലും 5000 ത്തോളം രോഗികൾ ഉണ്ടായേക്കും. ആ സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആശങ്കാജനകമായ സാഹചര്യം മുന്നിൽകണ്ട് ഓരോ പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കും.
ധനബില്ല് പാസ്സാക്കാന്‍ നിയമസഭാ സമ്മേളനം ഈ മാസം 27ന് വിളിച്ചു ചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം. സാമൂഹ്യ അകലം പാലിക്കാനായി 35 അധിക ഇരിപ്പിടം ഉറപ്പാക്കും. ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കും. പരമാവധി അംഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കും. സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ഒരു ദിവസം കൊണ്ടു തന്നെ ധനബില്ല് പാസാക്കി സമ്മേളനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം സ്വർണക്കടത്ത് വിവാദവും ശിവശങ്കറിനെതിരായ നടപടിയും ചർച്ചയായില്ല.