തിരുവനന്തപുരം: സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യാ ചരിത്രത്തിൽ ഇങ്ങനെയൊരു സർക്കാരിനെ കണ്ടിട്ടില്ല. സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണിയാണ്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ വരെ ബാധിക്കുന്ന ഒരു കേസാണ് സ്വർണക്കടത്തെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.ഡിപ്ലോമാറ്റിക്ക് ചാനൽ വഴിയാണ് കള്ളക്കടത്ത് നടന്നത് എന്നത് ഈ കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതിന് നേതൃത്വം കൊടുത്ത ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എല്ലാം ചെയ്തു കൊടുത്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. മുഖ്യമന്ത്രിയുടെ നാവാണ് ശിവശങ്കർ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. പത്താം ക്ലാസും ഗുസ്തിയുമുള്ള സ്ത്രീയെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ശമ്പളം നൽകി നിയമിച്ച നാടാണിതെന്നും ചെന്നിത്തല പരിഹസിച്ചു.നിയമനവുമായി ബന്ധപ്പെട്ട യാതൊന്നും താനറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയൊരു മുഖ്യമന്ത്രിക്ക് ആ കസേരയിൽ തുടരാനുള്ള അവകാശമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണം. അദ്ദേഹത്തിന് ആ കസേരയിൽ തുടരാനുള്ള ധാർമ്മികമായ അവകാശം നഷ്ടപ്പെട്ടു. സ്പ്രിൻക്ലർ അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷത്തെ സർക്കാർ പരിഹസിച്ചു. പ്രളയം മനുഷ്യ നിർമ്മിതമാണ്. ആ പ്രളയത്തിലൂടെ 200 കോടിയുടെ മണലാണ് പമ്പയിൽ കെട്ടികിടന്നത്. ആ മണൽ സൗജന്യമായാണ് സ്വകാര്യ വ്യാപാരിക്ക് കൊണ്ടുപോകാനുള്ള അവസരം കൊടുത്തത്. ബെവ്ക്യൂ ആപ്പ് കാരണം ബീവറേജ് കോർപ്പറേഷൻ തകർന്ന അവസ്ഥയാണ്. ഇ-മൊബിലിറ്റി ബസ്, പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇതെല്ലാം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതു കൊണ്ടാണ് പുറത്തുവന്നത്.നാല് വർഷം കൊണ്ട് കേരളത്തെ വിറ്റ് കാശാക്കുന്ന ഭരണമായി ഇടതുഭരണം മാറി. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുകയാണ്. കേരള പൊലീസിലെ ഉന്നതന്മാർ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചു. സ്വപ്നയെ ബംഗളൂരൂവിലേക്കെത്തിച്ചത് കേരള പൊലീസാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.