തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ വിധി പഠിച്ച ശേഷം ഇനി തീരുമാനമെന്ന് രാജകുടുംബാംഗം ഗൗരി പാർവതി ബായി. ബി നിലവറ തുറക്കുന്നതിൽ ഇപ്പോൾ തീരുമാനമില്ലെന്നും മാനസിക സംഘർഷത്തിന്റെ വർഷങ്ങളാണ് അവസാനിച്ചതെന്നും ഗൗരി പാർവതി ബായി പറഞ്ഞു.”കൊവിഡ് മാറി എല്ലാവർക്കും ക്ഷേത്ര ദർശനത്തിന് എത്താൻ കഴിയട്ടെ. ബി നിലവറയിൽ ക്ഷേത്രം സംബന്ധിച്ച് രഹസ്യങ്ങളാണ് ഉള്ളത്. ഭഗവാന്റെ രഹസ്യം അത് അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ. ബി നിലവറ തുറക്കില്ല. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ തന്ത്രിയുൾപ്പെടെയുള്ളവർ തീരുമാനിക്കും. ബാക്കി പ്രതികരണങ്ങൾ ക്ഷേത്ര ഭരണം സംബന്ധിച്ച് വിധി മുഴവൻ വായിച്ച ശേഷം പ്രതികരിക്കും”-ഗൗരി പാർവതി ബായി പ്രതികരിച്ചു.ശ്രീ പത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പ് അവകാശം രാജകുടുംബത്തിനെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.