സ്വർണ്ണക്കടത്ത്: ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്ന് സരിത്തിന്റെ മൊഴി
അതേസമയം ശിവശങ്കറിന്റെ ഫ്ലാറ്റിലെ ഗുഢാലോചന സരിത് സ്ഥിരീകരിച്ചു. പല കടത്തിന്റെയും ഗൂഢാലോചന നടന്നത് ഈ ഫ്ളാറ്റിൽ വെച്ചാണെന്ന് സരിത് വ്യക്തമാക്കി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്.
അതേസമയം ശിവശങ്കറിന്റെ ഫ്ലാറ്റിലെ ഗുഢാലോചന സരിത് സ്ഥിരീകരിച്ചു. പല കടത്തിന്റെയും ഗൂഢാലോചന നടന്നത് ഈ ഫ്ളാറ്റിൽ വെച്ചാണെന്ന് സരിത് വ്യക്തമാക്കി. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക. സ്വർണ്ണക്കടത്ത് റാക്കറ്റിലെ മുകൾ തട്ടിലെ കണ്ണികളെ വെളിപ്പെടുത്തി റമീസും മൊഴി നൽകി. ഇവരുടെ വിശദാംശങ്ങൾ കസ്റ്റംസിന് നൽകി.
അതേസമയം ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന, വിവിധ സ്വർണ കള്ളക്കടത്ത് കേസുകളിലെ പ്രതി ജലാൽ നാടകീയമായി കീഴടങ്ങി. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ജലാൽ കീഴടങ്ങിയത്. നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
കേസിൽ ജലാലടക്കം മൂന്ന് പേർ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വളരെ നാടകീയമായാണ് ഇന്നലെ പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്.
നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റമീസിൽ നിന്ന് ജലാലടക്കം കസ്റ്റഡിയിലുള്ള മൂന്ന് പേരും സ്വർണ്ണം വാങ്ങിയെന്നാണ് സംശയം. ഇന്ന് വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
അതിനിടെ നയതന്ത്ര ചാനൽ വഴി ജൂണിൽ 27 കിലോ സ്വർണം കടത്തിയെന്ന് വ്യക്തമായി. ജൂൺ 24, 26 തീയതികളിലാണ് സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് എത്തിയത്. ഇത് സരിത്താണ് കൈപ്പറ്റിയത്. സ്വർണം അയച്ചത് ദുബൈയിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പി കെ റമീസിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂൺ 24 ന് ഒൻപത് കിലോ സ്വർണ്ണവും 26 ന് 18 കിലോ സ്വർണ്ണവുമാണ് കടത്തിയത്