കാസർകോട്:കാസർകോട് നഗരസഭാ പരിധിയിൽ തെരുവത്ത് സിറാമിക്ക്സ് റോഡിലെ മുനിസിപ്പൽ എൽ.പി.സ്കൂളിനെ ഞെക്കിക്കൊല്ലാൻ തുനിഞ്ഞിറങ്ങിയ പുത്തൻ പണക്കാരനെതിരെ ജനരോഷം ഉയരുന്നു.ഒരു നൂറ്റാണ്ടോളമായി ഇന്നാട്ടിലെ ജനങ്ങൾക്ക് വിദ്യയുടെ ഹരിശ്രീ കുറിച്ച വിദ്യാലയത്തിന് നേർക്കാണ് സമീപത്ത് മണിമാളിക കെട്ടിയ ഷംസുദ്ദീൻ എന്ന വ്യക്തി സമാനതകളില്ലാത്ത അതിക്രമം കാട്ടിയത്. നാല് വര്ഷം മുമ്പാണ് ഷംസുദ്ദീൻ വിദ്യാലയത്തിന് മുൻവശത്തെ വസ്തു വിലക്കുവാങ്ങിയത്.പിന്നാലെ വീടുപണി ആരംഭിക്കുകയും കഴിഞ്ഞമാസം താമസം ആരംഭിക്കുകയും ചെയ്തു.ഇതിന് പിന്നാലെ വീടിന് മുൻവശം ഇന്റർലോക്ക് പാകി..സ്കൂൾ വഴി കവർന്നെടുത്താണ് ഇന്റർലോക്ക് നിരത്തിയത്.ഇത് സ്കൂൾ അധികൃതർ ചോദ്യം ചെയ്തപ്പോൾ സ്കൂളിലേക്കുള്ള വഴി മനോഹരമാക്കാനുള്ള ഉദ്ദേശ്യം മാത്രമാണെന്നും വീട്ടുടമ മറുപടി നൽകി.ഇതിന് ശേഷമാണ് വീട്ടുടമയുടെ തനിനിറം പുറത്തായത്.സ്കൂളിലേക്കുള്ള വഴി തന്റെ വകയിൽപ്പെട്ട വസ്തുവാണെന്ന അവകാശപ്പെട്ട് ഈ വഴിയിൽ കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിച്ച് വഴി തടസ്സപ്പെടുത്തി കോടതിയെ സമീപിക്കുകയായിരുന്നു.92വർഷമായി ഉപയോഗിച്ചുവരുന്ന ഈ വഴി സർക്കാർ രേഖകളിലുണ്ട്. ഇത് മറച്ചുപിടിച്ചാണ് ഈ പുത്തൻ പണക്കാരൻ കോടതിയിലെത്തിയത്. ഇതുകൂടാതെയാണ് സ്കൂളിന്റെ ബോർഡ് പോലും തന്റെ മണിമാളികക്ക് അരോചകമാണെന്ന ഹുങ്കിന്റെ പുറത്ത് ഇത് പിഴുതെറിഞ്ഞത് . .എന്നാൽ ഈ വിവാദ മണിമാളിക കെട്ടിപ്പൊക്കിയത് മുനിസിപ്പൽ ചട്ടങ്ങൾ പൂർണമായി ലംഘിച്ചാണെന്ന് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.ഈ ചട്ടലംഘനം ക്രമപ്പെടുത്താനാണ് സ്കൂളിന് അവകാശപ്പെട്ട സ്ഥലം കൈയേറിയത്. ഇതിനെതിരെ നാട്ടുകാറം സ്കൂൾ അധികൃതരും മുനിസിപ്പൽ അധികൃതരെയും ജില്ലാ കലക്ടറേയും പോലീസിനെയും സമീപിച്ചിരിക്കുകയാണ്.