ഭോപാല്‍: രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് സംഭവിക്കുന്ന തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് ബി.ജെ.പി നേതാവ് ഉമ ഭാരതി. പാര്‍ട്ടിയില്‍ യുവ നേതാക്കള്‍ വാഴാന്‍ രാഹുല്‍ ഗാന്ധി അനുവദിക്കില്ലെന്നും അവര്‍ ആരോപിച്ചു.
‘ഇപ്പോള്‍ രാജസ്ഥാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും നേരത്തെ മധ്യപ്രദേശില്‍ സംഭവിച്ചതുമായ കാര്യങ്ങള്‍ക്ക് ഒരേയൊരു ഉത്തരവാദി രാഹുല്‍ ഗാന്ധിയാണ്. യുവ നേതാക്കള്‍ വളരാന്‍ രാഹുല്‍ അനുവദിക്കില്ല. തന്നെക്കാള്‍ വിദ്യാഭ്യാസവും വിവരവുമുള്ള ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ് തുടങ്ങിയ നേതാക്കള്‍ ഉയര്‍ന്നുവന്നാല്‍ തന്റെ സ്ഥാനം പുറത്താവും എന്ന തോന്നലാണ് രാഹുലിന്’, ഉമ ഭാരതി പറഞ്ഞു.
‘ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടി ഇടപെടും, ഈ വാതിലുകള്‍ തുറന്നുതന്നെ’; സമാധാന ശ്രമത്തില്‍ കോണ്‍ഗ്രസ് നിലപാടറിയിച്ച് സുര്‍ജേവാല
രാജസ്ഥാനില്‍ മുഖ്യമന്ത്രിയാവേണ്ടിയിരുന്നത് സച്ചിന് പൈലറ്റെന്ന അഭിപ്രായവുമായി സംസ്ഥാനത്തെ ബി.ജെ.പി അധ്യക്ഷന്‍ സതീഷ് പൂനിയയും രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് സച്ചിന് പൈലറ്റായിരുന്നു. പക്ഷെ മുഖ്യമന്ത്രിയായത് അശോക് ഗെലോട്ട് ആണ്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ അന്ന് മുതല്‍ തുടങ്ങിയതാണ്. ഇന്ന് രാജസ്ഥാനില്‍ കാണുന്നത് അതിന്റെ ഫലമാണെന്നും സതിഷ് പൂനിയ പറഞ്ഞു.